ബംഗളുരു: ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ അരവിന്ദ് ലിംബാവലിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രാദേശിക ചാനല്‍ മേധാവി അറസ്റ്റില്‍.
കന്നഡ ചാനലായ ഫോക്സ് ടിവി എംഡി ഹേമന്ത് എം കമ്മാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ തരണമെന്നുമായിരുന്നു ഹേമന്തിന്റെ ആവശ്യം.
2018ലാണ് ഹേമന്ത് ചാനല്‍ ആരംഭിക്കുന്നത്. എന്നാല്‍ ചാനലിന് പ്രതീക്ഷിച്ച രീതിയിലുള്ള ജനപ്രീതി ലഭിച്ചില്ല. വന്‍ നഷ്ടത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. എംഎല്‍എയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കൈക്കാലാക്കി ഹേമന്ത് അരവിന്ദ് ലിംബാവലിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
താങ്കളുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കൈമാറാതിരിക്കണമെങ്കില്‍ തനിക്ക് 50 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന് എംഎല്‍എ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹേമന്തിനെ അറസ്റ്റ് പോലീസ് ചെയ്യുകയുമായിരുന്നു.
Post Your Comments