KeralaLatest News

കഞ്ചാവുമായി പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍; കടത്തുകൂലി 10000 രൂപ

കൊച്ചി: കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ല ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ് (24) എന്നിവരാണു ശനിയാഴ്ച രാത്രി കഞ്ചാവുമായി നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ഇവര്‍ നിലവില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാരാണെന്നും പൊലീസ് അറിയിച്ചു.

ആന്ധ്ര വിജയവാഡയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിച്ച കഞ്ചാവ്, മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ ‘കണക്ട് മി ടു കമ്മിഷണര്‍’ ഫോണ്‍ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2 ദിവസമായി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. ആന്ധ്രയില്‍നിന്നു വന്‍തോതില്‍ കഞ്ചാവെത്തിച്ചു വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്ന കൂലി. മുന്‍പും ഇവര്‍ കേരളത്തിലേക്കു കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. ആന്ധ്രയില്‍ കിലോയ്ക്ക് 5,000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് ഇവിടെ മൊത്തവില 30,000 രൂപയോളം ലഭിക്കും. ചില്ലറ വില്‍പനക്കാര്‍ക്കു കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button