
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ച ഏഴുവയസുകാന്റെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിര്‍ദ്ദേശപ്രകാരം പൊലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന് നല്കിയ അപേക്ഷ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ഏഴുവയസ്സുകാരന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം അമ്മയെയും അനുജനെയും അമ്മൂമ്മയെയും കട്ടപ്പനയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. ഗാര്‍ഹിക പീഡനത്തിന് ഇരകളായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാര്‍പ്പിക്കുക.
കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് അച്ഛന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്കൂള്‍ തുറക്കുമ്പോഴേക്കും ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കും.
Post Your Comments