ദമ്മാം: സൗദിയിൽ അബോധാവസ്ഥയിലായിരുന്ന മലയാളി മരണത്തിന് കീഴടങ്ങി, രണ്ടാഴ്ചയോളം അബോധാവാസ്ഥയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ദമ്മാം ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സൗദിയിൽ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിലായിരുന്ന വാസുദേവൻ ബുധനാഴ്ചയാണ് മരിച്ചത്. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന വാസുദേവന് സാമ്പത്തിക പ്രയാസങ്ങൾ കാരണം മൂന്നര വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ജോലിചെയ്തിരുന്ന സ്ഥാപനം നിയമക്കുരുക്കിൽ പെട്ടതിനാൽ ഇഖാമയും ഇൻഷൂറൻസും പുതുക്കാനും സാധിച്ചിരുന്നില്ല. ഏക മകളുടെ വിവാഹ നിശ്ചയത്തിന് പോകാൻ കഴിയാഞ്ഞതിന്റെ വിഷമവും അലട്ടിയിരുന്നു. ഇതിനിടെയാണ് ജോലിക്കിടെ കുഴഞ്ഞുവീണത്.
വാസുദേവന് ആരോഗ്യ ഇൻഷൂറൻസില്ലാത്തതിനാൽ ഭീമമായ തുകയാണ് ചികിത്സക്കായി വേണ്ടിവന്നത്. വാസുദേവന്റെ ദയനീയാവസ്ഥ അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ വേണ്ട സഹായങ്ങൾ ചെയ്തിരുന്നു. എന്നാൽ ജീവൻ നിലനിർത്താനുള്ള ഡോക്ടർമാരുടെ ശ്രമം തുടരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഷാഫി വെട്ടത്തിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു.
Post Your Comments