CinemaLatest News

കുട്ടികളോടൊപ്പം ‘ഉയരെ’ സഞ്ചരിച്ച് മന്ത്രിയും പാര്‍വതിയും

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്ന ‘ഉയരെ’ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം കൈരളി തീയറ്ററില്‍ സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. കുട്ടികളോടൊപ്പം സിനിമ കാണാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ കുട്ടികളുമായി സംവദിച്ചു.

ഈ സിനിമ കണ്ടപ്പോള്‍ വളരെയധികം ആശ്വാസവും അഭിമാനവും തോന്നിയെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നൊരു സിനിമയാണിത്. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് സധൈര്യം മുന്നോട്ട് കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്.

Uyare 3

അഭിനേത്രി എന്ന നിലയില്‍ പാര്‍വതി വലിയ പ്രകടനമാണ് കാഴ്ചവച്ചത്. എന്നുനിന്റെ മൊയ്തീനിലെ കാഞ്ചനമാലയില്‍ നിന്നും ‘ഉയരെ’യിലെ പല്ലവി വരെയുള്ള പാര്‍വതിയുടെ വേഷപ്പകര്‍ച്ച വലിയ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതിനിടയില്‍ പാര്‍വതി ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചെങ്കിലും അതെല്ലാം പല്ലവിയിലൂടെ അതിജീവിച്ചു. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെ കരുത്ത് പകരുന്നതാണ് പല്ലവി. വലപ്പോഴും മാത്രമേ സിനിമ കാണാന്‍ അവസരം ലഭിക്കുകയുള്ളൂ. ചില സിനിമകള്‍ കണ്ടപ്പോള്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുന്ന ഒരു കൊടുങ്കാറ്റായി ഈ സിനിമ മാറി. ഹോമിലെ കുട്ടികള്‍ക്ക് വലിയ ആവേശവും ആശ്വാസവുമായിരിക്കും ഈ സിനിമയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സിനിമ എല്ലാവരും ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത് പറഞ്ഞു. മോശം സമയത്തും എനിക്കുവരുന്ന നല്ലതും മോശവുമായ എല്ലാ മെസേജുകളും ഞാന്‍ വായിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും അതിലൂടെ തിരിച്ചറിഞ്ഞു. പല്ലവി എന്ന കഥാപാത്രം ഒരു നിമിത്തമാണ്. ഗോവിന്ദ് എന്ന കഥാപാത്രം എങ്ങനെ അങ്ങനെയായെന്ന് ചിന്തിക്കണം. ഇനിയൊരു ഗോവിന്ദന്‍മാര്‍ ഉണ്ടാകരുതെന്നും പാര്‍വതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button