NewsIndia

സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്ത രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെതിരെ നടപടിയുണ്ടായേക്കും

 

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടുവാങ്ങാനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിച്ച് ബി.ജെ.പി. ഇത്തവണ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് സൈന്യത്തിന്റെ പേര് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ സൈന്യം മുഴുവന്‍ നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ഒപ്പമാണെന്നായിരുന്നു റത്തോഡിന്റെ വിവാദ പ്രസ്താവന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറപ്പെടുവിച്ച പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് പരമാര്‍ശം. റത്തോഡിനെതിരെ കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സമാന പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരര്‍ക്ക് ബിരിയാണി വിളമ്പുകയായിരുന്നുവെന്നും മോഡിയുടെ സൈന്യം ഭീകരര്‍ക്ക് നേരെ ബോംബുകളും ബുള്ളറ്റുകളുമാണ് അയക്കുന്നതെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. രാജ്യത്തിന്റെ സൈന്യത്തെ മോഡിയുടെ പേരിലാക്കി ബി.ജെ.പിയെ പുകഴ്ത്തുന്നത് രാഷ്ട്രീയ സത്യസന്ധതയല്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചതോടെ മൂന്ന് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് യോഗി വിലക്കപ്പെട്ടു. യോഗിയുടെ വിലക്കിന് പിന്നാലെയും സമാന പ്രസ്താവനകള്‍ തുടരുമെന്നാണ് ഇപ്പോള്‍ ബി.ജെ.പി നല്‍കുന്ന സൂചന. റാത്തോഡിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. സൈന്യത്തിന്റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തെയും ആക്ഷേപം ഉയര്‍ന്നിരുന്നു.

shortlink

Post Your Comments


Back to top button