കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് നിന്നും പാലക്കാട് നിന്നും എന്‍ഐഎ ചിലരെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് റിയാസിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാസില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടെന്ന് കുടുംബം പറയുന്നു.
താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി. സംസാരം തീരെ കുറച്ചു. ടിവി കാണുന്നതും സിനിമ കാണുന്നതും നിര്‍ത്തി. ഫോണിലൂടെയും മറ്റും ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണാനും തുടങ്ങി. റിയാസിന്റെ മത തീവ്രവാദ സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് സഹോദരന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഫേസ്ബുക്കില്‍ അബു ദുജാന എന്ന് റിയാസ് പേര് മാറ്റിയിരുന്നു.
അതെ സമയം റിയാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പിതാവ് അബൂബക്കറിന്റെ പ്രതികരണം ഇങ്ങനെ,’അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് കരുതിയില്ല. എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ. ഞങ്ങള്‍ അവനെ സഹായിക്കില്ല’- അബൂബക്കര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ശ്രീലങ്കയില്‍ 250 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന സഹറാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ റിയാസ് സ്ഥിരമായി കണ്ടിരുന്നു. കേരളത്തില്‍ ചാവേര്‍ ബോംബ് ആക്രമണം പദ്ധതിയിട്ട് വരികയായിരുന്നു ഇയാള്‍. 2016ല്‍ ഐഎസില്‍ ചേരാന്‍ ഇന്ത്യവിട്ട 22 അംഗ മലയാളി സംഘത്തിലെ രണ്ടു പേരുമായി റിയാസ് നിരന്തമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
Post Your Comments