ചണ്ഡിഗഡ്: ഹരിയാന നിയമസഭയില്‍ പ്രമുഖ ജൈന സന്യസി തരുണ്‍ സാഗര്‍ മഹാരാജ നടത്തിയ പ്രസംഗത്തെ പരിഹസിച്ചവര്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് ഹരിയാന ഹൈക്കോടതി. സംഗീത സംവിധായകനായ വിശാല്‍ ദാദ്‌ലാനി, രാഷ്ട്രീയക്കാരനായ തെഹ്‌സീന്‍ പൂനാവാല എന്നിവരാണ് പത്തു ലക്ഷം വീതം പിഴ ഒടുക്കേണ്ടത്. ഇരവരും പ്രസിദ്ധി ലഭിക്കുന്നതിനായാണ് തരുണ്‍ സാഗര്‍ മഹാരാജ പരിഹസിച്ചതെന്ന് കോടതി വിലയിരുത്തി.
2016 ഓഗസ്റ്റ് 25നാണ് മുനി തരുണ്‍ സാഗര്‍ മഹാരാജ ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സ്ത്രീകളടക്കമുള്ള നിയമസഭാ അംഗങ്ങള്‍ക്ക് മുമ്പിലാണ് മണിക്കൂറുകളോളം സന്യാസി പ്രസംഗിച്ചത്. ഇത് രാജ്യത്ത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ആം ആദ്മിയെ പിന്തുണയ്ക്കുന്ന വിശാലിനെതിരെ അരവിന്ദ് കേജ്‌രിവാള്‍ അടക്കം രംഗത്ത് വന്നതും അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു സ്ത്രീ നഗ്‌നയായി എത്തിയാല്‍ അവളെ വേശ്യയെന്ന് വിളിക്കുമെന്നും ചിലര്‍ നിയമസഭയില്‍ നഗ്‌നനായി വന്നാല്‍ അതിനെ വിശുദ്ധമാക്കുമെന്നുമായിരുന്നു തെഹ്‌സീന്‍ പൂനാവാലയുടെ വിമര്‍ശനം.
1967 ജൂണ്‍ 26ന് മധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്നനായി പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹരിയാന നേരിടുന്ന പെണ്‍ ഭ്രൂണഹത്യയെക്കുറിച്ചൊക്കെയാണ് അന്ന് ഹരിയാന നിയമസഭയില്‍ മുനി സംസാരിച്ചത്.
രാജ്യത്തു സ്ത്രീ പുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1000 പുരുഷന്മാര്‍ക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനര്‍ഥം 10 പുരുഷന്മാര്‍ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വര്‍ധിപ്പിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം. പെണ്‍മക്കളുള്ള രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കണം. പെണ്‍കുട്ടികളുള്ള വീടുകളില്‍നിന്നുള്ളവര്‍ക്കു മാത്രമേ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാകിസ്ഥാനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാക് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുകയാണെന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.
Post Your Comments