തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഓഫീസുകള്‍ക്ക് വാടകക്കെട്ടിടങ്ങളില്‍നിന്ന് മോചനമാകുന്നു. തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ ഓഫീസുകള്‍ക്കും സ്പെഷ്യല്‍ യൂണിറ്റുകള്‍ക്കുമാണ് സ്വന്തം കെട്ടിടം ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് മുട്ടത്തറയില്‍ 75 സെന്റ് സ്ഥലത്ത് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടനിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്കി. മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്വന്തം കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലാണ്. കണ്ണൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. വയനാട് ഭൂമി കൈമാറുന്നതിനുള്ള നടപടിയാകുന്നു. ഇടുക്കിയില്‍ പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. സ്വന്തം കെട്ടിടം വരുന്നതോടെ വാടകയിനത്തില്‍മാത്രം ലക്ഷങ്ങളാണ് സര്‍ക്കാരിന് ലാഭം.
മുട്ടത്തറയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ അഞ്ച് ഓഫീസുകള്‍ അവിടേക്ക് മാറും. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (എസ്ഐയു) ഒന്ന്, രണ്ട്, എസ്ആര്‍ടി, എസ്സിടി, തിരുവനന്തപുരം യൂണിറ്റ് എന്നിവയാണ് വാടകക്കെട്ടിടത്തില്‍നിന്ന് മാറുക. ഈ ഓഫീസുകള്‍ മാറുന്നതിലൂടെ മാത്രം വാടകയിനത്തില്‍ വര്‍ഷം 35 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലാഭം.
നിലവില്‍ 23 കോടി രൂപയുടെ പദ്ധതിയാണ് മുട്ടത്തറയില്‍ നടപ്പാക്കുന്നത്. എട്ട് കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊലീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 75 സെന്റ് ഭൂമിയും ഇതിനായി ലഭ്യമാക്കി. താമസിയാതെ തന്നെ ഇവിടെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങും. കണ്ണൂരില്‍ രണ്ടുകോടി രൂപയും മലപ്പുറത്ത് 1.90 കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടനിര്‍മാണം. ഇടുക്കിയില്‍ രണ്ട് കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
ഓഫീസുകള്‍ സ്വന്തം കെട്ടിടത്തിലാകുന്നതോടെ വിജിലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. നിലവില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഉള്‍പ്പെടെ 850ഓളം ജീവനക്കാര്‍ വിജിലന്‍സിലുണ്ട്. പല ഓഫീസുകളും വാടകകെട്ടിടങ്ങളിലായതിനാല് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് സൗകര്യമില്ലെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. ഈ പ്രശ്നത്തിനു കൂടിയാണ് പരിഹാരമാകുന്നത്.
Post Your Comments