Latest NewsKeralaIndia

കൂത്തുപറമ്പില്‍ പിടികൂടിയത് സാമ്പത്തിക ശേഷിയുള്ളവരെ വലയിലാക്കി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കവരുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തെ

കൂത്തുപറമ്പ് : യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവരുകയും സ്ത്രീയോടൊപ്പം നിര്‍ത്തിയെടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണമോതിരവും ബൈക്കും കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെറുപ്പക്കാരെയും സാമ്പത്തിക ശേഷിയുള്ളവരെയും തന്ത്രപൂർവം വലയിലാക്കി പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ കവരുന്ന ഹണിട്രാപ്പ് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.

ഒന്നാം പ്രതി ഷഹനാസ് ഇക്കഴിഞ്ഞ 22ന് തലശ്ശേരിയില്‍ യുവാവിനെ പരിചയപ്പെടുകയായിരുന്നു. ഇവരുടെ നിര്‍ദ്ദേശ പ്രകാരം മദ്യവും വാങ്ങി നിര്‍മലഗിരി മൂന്നാംപീടികയിലെ ഒരു വീട്ടില്‍ എത്തിയപ്പോള്‍ അസ്ബീറയും ഷഹനാസും ചേര്‍ന്ന് യുവാവിനെ മുറിയിലിട്ട് പൂട്ടി നെഞ്ചിലും മുഖത്തും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ഒരു കാറില്‍ കൂത്തുപറമ്പിൽ ഇറക്കിവിട്ട യുവാവ് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രതികളെ വലയിലാക്കാനായത്.

യുവാവിനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോയ കാറും യുവാവില്‍ നിന്ന് തട്ടിയെടുത്ത വസ്തുക്കളും കസ്റ്റഡിയില്‍ എടുത്തതായി എസ്‌ഐ റഫീഖ് പറഞ്ഞു. മമ്പറത്ത് വാടക വീട്ടില്‍ താമസിക്കുന്ന തലശ്ശേരി പുന്നോല്‍ എപി ഹൗസില്‍ റസാഖിന്റെ ഭാര്യ എസ്.ഷഹനാസ്(34), ധര്‍മടം പാലയാട് രജീഷ് നിവാസില്‍ എം.റനീഷ്(28) എന്നിവരെയാണ് എസ്‌ഐ പി.റഫീഖ് അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ സൂത്രധാരക തലശ്ശേരി പിലാക്കൂല്‍ കെപി ഹൗസില്‍ റനീഷിന്റെ ഭാര്യ കെ.പി.അസ്ബീറ(28)യെ പിടികിട്ടിയില്ല.

ഈ മാസം 22-ന് കൂത്തുപറമ്പ് മൂന്നാംപീടികയിലെ വീട്ടില്‍വച്ചായിരുന്നു സംഭവം. ഷഹനാസിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് പരാതിക്കാരന്റെ ഫോട്ടോ എടുക്കുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 4800 രൂപയും അര പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരവും മോഷ്ടിക്കുകയും ചെയ്തു. ഇയാളുടെ ബൈക്കും തിരിച്ചറിയല്‍ കാര്‍ഡുകളടങ്ങുന്ന പേഴ്‌സും കൈക്കലാക്കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കും പേഴ്‌സും പിന്നീട് പിടിച്ചെടുത്തു.കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതിയെ കണ്ടെത്താനും സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button