Latest NewsBusiness

ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

കൊച്ചി•ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും.

പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനു മഹാവര്‍, ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ഹമദ് അലി അല്‍ ഗസാലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റോയല്‍ ഒമാന്‍ പോലീസ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, മാനവവിഭവശേഷി മന്ത്രാലയങ്ങളില്‍ നിന്നും പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോകം അംഗീകരിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും അതിലൂടെ അവരുടെ ജീവിതം അര്‍ത്ഥവത്താക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. പേരുമാറ്റത്തിന് സഹായിച്ച ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ഒമാന്‍ ജനത പുതിയ പേരിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എക്സ്ചേഞ്ച് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുള്ളത് പോലെ തന്നെ നടക്കും. ഉപഭോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ ലഭ്യമാക്കും. ലുലു എക്സ്ചേഞ്ചിന് 32 ശാഖകളാണ് ഓമനിലുള്ളത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിലും കൃത്യതയോടെയും പണമയക്കാനുള്ള സംവിധാനം ഇതിലുണ്ട്.

ലോക സാമ്പത്തിക സേവനങ്ങള്‍ക്ക് ഐ.എസ്.ഒ 9001: 2015 അംഗീകാരം നേടിയ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലാണ് ലുലു എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, സീഷെല്‍സ്, ഹോങ്ക്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലായി 180 ഓളം ശാഖകളുണ്ട്. സാങ്കേതികതയിലും മികച്ചുനില്‍ക്കുന്ന ലുലു എക്സ്ചേഞ്ചിന് പണമിടപാടുകള്‍ സുഗമമാക്കാനായി മൊബൈല്‍ ആപ്പുമുണ്ട്.

shortlink

Post Your Comments


Back to top button