മധുരൈ: 104 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 700 വര്‍ഷം പഴക്കമുള്ള വിഗ്രഹം 1915ല്‍ മധുരയിലെ മേലൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് മോഷണം പോയത്.103 വര്‍ഷത്തിന് ശേഷം വീണ്ടെടുത്ത ദ്രൗപതി അമ്മന്റെ വിഗ്രഹം പോലീസ് ക്ഷേത്രത്തിന് കൈമാറി. നിഗക്കടൈ തെരുവിലെ ക്ഷേത്രത്തിലെ വിഗ്രഹത്തിന് 800 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ രണ്ട് പൂജാരിമാരില്‍ ഒരാളായിരുന്ന കറുപ്പുസ്വാമിയാണ് വിഗ്രഹം മോഷ്ടിച്ചതെന്നാണ് ആരോപണം.സഹപൂജാരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുപ്പുസ്വാമി വിഗ്രഹം കടത്തുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ചുമര് തുരന്ന് ഒളിപ്പിച്ചു. അന്ന് ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ വിഗ്രഹം കണ്ടെത്താനായില്ല.
ക്ഷേത്രത്തിലെ ഉത്സവം തുടങ്ങാനിരിക്കെയാണ് മോഷണം പോയ വിഗ്രഹം വീണ്ടും കണ്ടെടുക്കുന്നത്.കാണാതായ വിഗ്രഹം തന്റെ കുടുംബവീട്ടിലുണ്ടെന്ന് കറുപ്പുസ്വാമിയുടെ ചെറുമകനായ മുരുഗേശനാണ് ആദ്യം വെളിപ്പെടുത്തിയത്. തന്റെ മുത്തശ്ശന്‍ കറുപ്പുസ്വാമിയും പിതാവും ചേര്‍ന്ന് വീട്ടിലെ ചുമരിനെ പുജിക്കുന്നത് താന്‍ കുട്ടിയായിരിക്കുമ്പോള്‍ കണ്ടിട്ടുണ്ടെന്ന് 60കാരനായ മുരുഗേശന്‍ വെളിപ്പെടുത്തി. തന്റെ ബന്ധുക്കളുടെ അകാലമരണത്തിന് കാരണം വിഗ്രഹം നഷ്ടപ്പെട്ടത് കാരണമാണെന്ന ചിന്തയെ തുടര്‍ന്നാണ് മുരുഗേശന്‍ ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ ചുമര് തുരന്ന് വിഗ്രഹം വീണ്ടെടുക്കുകയായിരുന്നു. വിഗ്രഹം ഒളിപ്പിച്ചിരുന്ന വീടിന്റെ ഇപ്പോഴത്തെ ഉടമ മച്ചകലൈ എന്നയാളുടെ അനുമതിയോട് കൂടിയാണ് ചുമര് തുരന്ന് വിഗ്രഹം കണ്ടെത്തിയത്. മുരുഗന്‍ വെളിപ്പെടുത്തിയ കൃത്യ സ്ഥലത്ത് തന്നെയാണ് വിഗ്രഹം ഒളിപ്പിച്ചിരുന്നത്.
Post Your Comments