Latest NewsKerala

അറിയാം റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളെ കുറിച്ച്

പ്രളയകാലത്ത് കേരളക്കര ഓരുപാട് തവണ കേട്ടവാക്കുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളെ കുറിച്ച്. ഇപ്പോഴിതാ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളില്‍ വീണ്ടും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്താണ് ഈ അലര്‍ട്ടുകള്‍ എന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രതികൂല കാലാവസ്ഥയുമായി ബന്ധപ്പെട്ടു നല്‍കുന്ന പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങളായുള്ള മുന്നറിയിപ്പുകളാണ് ഈ അലര്‍ട്ടുകള്‍. ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായ് നല്‍കുന്നതാണ് റെഡ് അലര്‍ട്ട്. രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്. ഏറ്റവും ആദ്യത്തെതാണു യെല്ലോ അലര്‍ട്ട്.

റെഡ് അലര്‍ട്ട്

ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഈ മേഖലകളില്‍ ഉണ്ടാകും. 244.4 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏതൊരു സമയവും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹില്‍ സ്റ്റേഷനുകളും റിസോര്‍ട്ടുകളും അടക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏത് നിമിഷവും മാറി താമസിക്കാന്‍ സന്നദ്ധരായിരിക്കണം.

ഓറഞ്ച് അലര്‍ട്ട്

ദുരിതബാധിത മേഖലകളിലെ ആളുകള്‍ക്കു സ്വയം തയാറായിരിക്കാനായി പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണു ഓറഞ്ച് അലര്‍ട്ട്. ഈ മേഖലകളില്‍ ജനങ്ങള്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാറുണ്ട്. 124.5 മുതല്‍ 244.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് നല്‍കുന്നത്. ഈ മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ളതിനാല്‍ വഴിയോരങ്ങളിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതര്‍ വിലക്കാറുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അവസ്ഥ വളരെ മോശമാണ് ഏതുസമയത്തും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് നല്‍കുന്നത്. ഈ അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഏതു സമയവും പ്രദേശം വിട്ടുപോകാന്‍ ആളുകള്‍ തയാറായിരിക്കണം.

എന്താണ് യെല്ലോ അലര്‍ട്ട്

മഴയുടെ ശക്തി വര്‍ധിച്ചു വരുമ്പോള്‍ തന്നെ നല്‍കുന്ന ആദ്യ ഘട്ട ജാഗ്രതാ നിര്‍ദ്ദേശമാണ് യെല്ലോ അലര്‍ട്ട്. മഴയുടെ ലഭ്യത 64.4 മുതല്‍ 124.4 മില്ലി മീറ്റര്‍ വരെയാകുമ്പോഴാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. യെല്ലോ അലര്‍ട്ട് നല്‍കി കഴിഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം ഓരോനീക്കവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button