ന്യൂഡല്‍ഹി: എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ ഭാര്യ അപൂര്‍വ ശുക്ല കൊലപ്പെടുത്തിയ സംഭവത്തിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ.തലേന്നു ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്‌ത അപൂര്‍വ ഒരു വളകിലുക്കം കേട്ടതാണു സംഭവങ്ങളുടെ തുടക്കം. ഒരു യുവതിയുടെ വസ്‌ത്രത്തിന്റെ തുമ്പും മിന്നായം പോലെ കണ്ടു. ഇതേച്ചൊല്ലി അന്നു രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒന്നിച്ചു യാത്രചെയ്‌ത യുവതിയും താനും ഒരേ ഗ്ലാസില്‍നിന്നാണു മദ്യപിച്ചതെന്നു രോഹിതിന്റെ നാവില്‍നിന്നു വീണതോടെ അപൂര്‍വ കോപാകുലയായി. ഭര്‍ത്താവിന്റെ ദേഹത്തു ചാടിവീണ് കഴുത്തുഞെരിച്ചു.
നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ തലയണ മുഖത്തമര്‍ത്തി. അപ്പോഴും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് അവര്‍ പോലീസിനു മൊഴി നല്‍കി. എന്നാല്‍, മദ്യലഹരിയിലായിരുന്ന രോഹിത്, ഭാര്യയുടെ ആക്രമണം ചെറുക്കാനാകാതെ മരണത്തിനു കീഴടങ്ങി. ഏതാനും മാസം മുമ്പ് ബൈപാസ് ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്ന രോഹിത് സ്വതേ ക്ഷീണിതനായിരുന്നു. മദ്യം ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയും ചെയ്‌തു. മൊഴിയിലെ പൊരുത്തക്കേടുകള്‍ സുപ്രീം കോടതി അഭിഭാഷകകൂടിയായ അപൂര്‍വയ്‌ക്കു കുരുക്കായി.
പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കുറ്റം സമ്മതിക്കുകയും ചെയ്‌തു.യഥാർത്ഥത്തിൽ ആ യുവതിയും രോഹിതും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കഴിഞ്ഞ 15-ന് ഉത്തരാഖണ്ഡില്‍നിന്നു രോഹിത് ഡല്‍ഹിക്കു മടങ്ങുമ്പോള്‍ അകന്നബന്ധത്തിലുള്ള ഒരു യുവതി കാറിന്റെ പിന്‍സീറ്റില്‍ ഒപ്പമുണ്ടായിരുന്നു. രോഹിതിന്റെ അമ്മ ഉജ്വലയും യുവതിയുടെ ഭര്‍ത്താവും മറ്റൊരു കാറിലായിരുന്നു. യാത്രയ്‌ക്കിടെ രോഹിതിനും യുവതിക്കും ജോലിക്കാരനായ ഗോലു മദ്യം പകര്‍ന്നു. ഇരുവരും ചേര്‍ന്ന് ഒരു കുപ്പി അപ്പാടെ കാലിയാക്കി. രോഹിതും അപൂര്‍വയും വിവാഹമോചനത്തിന്റെവക്കിലായിരുന്നു.
ഈ യുവതിയാണ് അതിനു കാരണക്കാരിയെന്നായിരുന്നു അപൂര്‍വയുടെ സംശയം. എന്നാല്‍ രോഹിതും യുവതിയുമായി അവിഹിതബന്ധമില്ലായിരുന്നെന്ന് ഡല്‍ഹി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ രാജീവ് രഞ്‌ജന്‍ പറഞ്ഞു. വീട്ടിലെത്തിയ രോഹിത് മദ്യലഹരിയിലായിരുന്നതിനാല്‍ അപൂര്‍വ ഇക്കാര്യം ചോദിച്ചില്ല. അത്താഴത്തിനുശേഷം ഇരുവരും വെവ്വേറെ മുറികളിലേക്കു പോയി. അല്‍പ്പം കഴിഞ്ഞ് ഉജ്വല ഇരുവരെയും വിളിച്ചു സംസാരിച്ചു. അര്‍ധരാത്രി കഴിഞ്ഞാണ് കാറിലുണ്ടായിരുന്ന യുവതിയെപ്പറ്റി ചോദിച്ച് അപൂര്‍വ ഭര്‍ത്താവുമായി വഴക്കിട്ടത്.
അതു കൊലപാതകത്തിലെത്തി. പിന്നീടു ഗോലു നോക്കുമ്പോള്‍ രോഹിത് കിടക്കയിലുണ്ടായിരുന്നു. ഉറക്കമാണെന്ന് അപൂര്‍വ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗോലു ചെന്നു വിളിക്കുമ്പോള്‍ രോഹിതിന് അനക്കമുണ്ടായിരുന്നില്ല. വീട്ടില്‍ പുറത്തുനിന്ന് ആരുമെത്തിയിട്ടില്ലെന്നു സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസ് സ്‌ഥിരീകരിച്ചു
Post Your Comments