Latest NewsKeralaIndia

‘മുഖ്യമന്ത്രിയുടെ ഔദ്യോഗികമല്ലാത്ത വിദേശയാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി

സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76,102 രൂപ കൈപ്പറ്റിയെന്നും ആരോപിച്ചാണ് ഹർജി

കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ യുഎഇ, അമേരിക്കൻ സന്ദർശനങ്ങൾ സർക്കാർ പരിപാടികൾ അല്ലായിരുന്നുവെന്നും സ്വകാര്യ സംഘടനകളുടെ ക്ഷണപ്രകാരം നടത്തിയ സന്ദർശങ്ങൾക്ക് വിമാനക്കൂലിയിനത്തിൽ 5,76,102 രൂപ കൈപ്പറ്റിയെന്നും ആരോപിച്ചാണ് കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

2016 ഡിസംബർ 21 മുതൽ 24 വരെയായിരുന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം. ഒരു സ്കുളിന്റെ ഉദ്ഘാടനവും ചില പ്രവാസി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു .ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയെന്നും വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകണമെന്നും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണമെന്നും ഹർജിയിൽ ആവശ്യം.ഇത് ചൂണ്ടിക്കാട്ടി വിജിലൻസിന് ഫെബ്രുവരി 11ന് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജിയിൽ സംസ്ഥാന സർക്കാർ, ദക്ഷിണമേഖല, തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പിമാർ എതിർകക്ഷികളാണ്.സന്ദർശന ശേഷം യാത്രാക്കൂലി ഇനത്തിൽ 93,295 രൂപ ഖജനാവിൽ നിന്നു കൈപ്പറ്റി. ആരാണ് മുഖ്യമന്ത്രിക്ക് വേണ്ടി മുൻകൂർ ടിക്കറ്റ് എടുത്തതെന്ന് വ്യക്തമല്ലെന്നും ടിക്കറ്റ് ചെലവിന്റെ സ്രോതസ് വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിൽ ചെലവേറിയ ഹോട്ടലിലായിരുന്നു താമസമെന്നും ആരാണ് പണം മുടക്കിയതെന്നതിനും വ്യക്തതയില്ലെന്നും ആരോപിക്കുന്നു .പൊതു ആവശ്യത്തിനല്ലാതെ നടത്തിയ യാത്രകൾക്ക് സർക്കാർ ഖജനാവിൽ നിന്നു പണം കൈപ്പറ്റുക വഴി മുഖ്യമന്ത്രി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതു കുറ്റകരമായ പെരുമാറ്റ ദൂഷ്യമാണന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button