Latest NewsKerala

കനത്ത മഴയില്‍ വീട്ടിലെത്താന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ സംഘം ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമം.

തൃശൂര്‍: കനത്ത മഴയില്‍ വീട്ടിലെത്താന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ഓട്ടോ ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ യുവതിയെ രക്ഷിച്ചു. ഒളരിയിലെ ബാറിന് സമീപത്ത് വെച്ചാണ് സംഭവം. യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഓട്ടോ ഡ്രൈവര്‍ അഞ്ചേരി സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസുണ്ട്. യുവതിയുടെ പരാതിയില്‍ പറയുന്നതിങ്ങനെ:

തമിഴ്‌നാട് സ്വദേശിനിയായ യുവതി എറണാകുളത്താണ് ജോലി ചെയ്യുന്നത്. തൃശൂര്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം നിശ്ചയവും കഴിഞ്ഞിരുന്നു. ഇവിടേക്ക് പോകാനായാണ് യുവതി തൃശൂരെത്തിയത്. വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിളിക്കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോവുന്നതിനിടെ ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഓട്ടോക്ക് കൈ കാണിച്ച് മറ്റൊരാള്‍ കയറുകയായിരുന്നു. ഇതോടെ തന്നെ ഇവിടെ ഇറക്കിക്കൊള്ളാന്‍ യുവതി ആവശ്യപ്പെട്ടു.

എന്നാല്‍, ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് രക്ഷിച്ചത്. പിന്നീട് വിവരമറിയിച്ചതനുസരിച്ച് വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയുമെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാന്‍ ശ്രമിച്ചയാളും രക്ഷപ്പെട്ടു. വെസ്റ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button