ദില്ലി: ചില രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും നടന്ന വരുമാന നികുതി റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ റെയ്ഡുകളും നടത്തിയത് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനാലാണ്. ആദായനികുതി റെയ്ഡുകള്‍ നിയമപ്രകാരമാണെന്നും ഏതെങ്കിലും രാഷ്ട്രീയവൈരത്തിന്റെ ഭാഗമല്ലെന്നും ടൈംസ് നൗ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ മലേഗാവ് സ്‌ഫോടന കേസിലെ പ്രതി സാധ്വി പ്രജ്ഞാസിങ് താക്കറെ മത്സരിക്കുന്നതിനെതിരെയുള്ള ആരോപണങ്ങളെയും മോദി പ്രതിരോധിച്ചു. ഹിന്ദു ഭീകരതയുടെ വക്താവെന്നാണ് സ്വാധിയെ പറയുന്നത്. മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാന്‍ ഇത്തരമൊരാള്‍ക്ക് മാത്രമേ തീര്‍ച്ചയായും സാധിക്കുകയുള്ളുവെന്നും മോദി പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെയാണ് സാധ്വി പ്രജ്ഞാസിങ് താക്കൂര്‍ മത്സരിക്കുന്നത്.
കാവി ഭീകരതക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനും മോദിജി മറുപടി നല്‍കി. മതത്തെയും സംസ്‌കാരത്തെയും ഭീകരതയായി ചിത്രീകരിക്കുന്നവര്‍ക്കുള്ള താക്കീതാണ് സ്വാധിയുടെ സ്ഥാനാര്‍ത്ഥിത്വം. ഇതായിരുന്നു മോദിയുടെ പ്രതികരണം.
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരാണ് രാജ്യത്ത് നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. ”അവര്‍ക്കെതിരെ തെളിവുകള്‍ ലഭ്യമായതിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാന്‍ നിര്‍ബന്ധിതരായി. ഈ അവസരത്തിലാണ് നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രാജ്യം വിട്ടത്. 2019 ല്‍ അവരെ ജയിലിന്റെ പടിവാതിലില്‍ കൊണ്ടു ചെന്നെത്തിച്ചു. 2019ന് ശേഷം അവര്‍ ജയിലഴിക്കുള്ളില്‍ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ചിലര്‍ രക്ഷപ്പെട്ടെങ്കിലും മറ്റു ചിലര്‍ ഇപ്പോഴും ജയിലിലാണെന്നതിനെ കുറിച്ച് വിമര്‍ശകര്‍ പറയാത്തതെന്തെന്നും മോദി ചോദിച്ചു. 2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നും മോദി പ്രത്യാശിച്ചു.
Post Your Comments