KeralaLatest NewsIndia

മൂന്ന് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് പോയ അമ്മ തിരികെ വന്നില്ല, വാതില്‍ പൊളിച്ച്‌ പൊലീസ് കുട്ടികളെ രക്ഷിച്ചു

രാമനാട്ടുകര നിസരി ജംഗ്ഷനിലെ ഇരട്ട വാടക വീട്ടിലെ അയല്‍വാസിയാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടത്.

രാമനാട്ടുകര: വാടക വീട്ടിനുള്ളില്‍ അഞ്ചും മൂന്നും, രണ്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പൂട്ടിയിട്ട് പുറത്ത് പോയ ഇതര സംസ്ഥാനക്കാരിയായ മാതാവ് തിരിച്ചെത്തിയില്ല.കുട്ടികളുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി മൂന്ന് കുട്ടികളേയും പുറത്തെത്തിച്ച ശേഷം സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു .രാമനാട്ടുകര നിസരി ജംഗ്ഷനിലെ ഇരട്ട വാടക വീട്ടിലെ അയല്‍വാസിയാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടത്.

കുഞ്ഞുങ്ങളായതിനാല്‍ ഭക്ഷണവും വെളിച്ചവും ഇല്ലാതെ ഭയന്നു വിറച്ചാണ് കരഞ്ഞിരുന്നത്. കര്‍ണ്ണാടക സ്വദേശിനിയായ യുവതി മലയാളിയായ ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്നും പോയതാണ്. ഇതിനെ തുടർന്നാവാം യുവതിയും കുട്ടികളെ ഉപേക്ഷിച്ചു പോയത്. യുവതി വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കുട്ടികളെ വീട്ടിനകത്താക്കി വീട് പൂട്ടി പോയത്. നാട്ടുകാരിൽ ഒരാളാണ് കുട്ടികളുടെ കരച്ചിൽ കേട്ട് ഈ വിവരം പോലീസിലറിയിച്ചത്. തട്ടുകട കച്ചവടക്കാരനായ ഇയാള്‍ കച്ചവടം കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചില്‍ കേട്ടത്.

ഇദ്ദേഹം പുലര്‍ച്ചെ സമീപവാസിയായ മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഉടനെ തന്നെ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ പൊലീസ് പൂട്ട് തകര്‍ത്താണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button