KeralaLatest NewsIndia

മാവേലിക്കര സബ് ജയിലില്‍ സംഘട്ടനം: അഞ്ച് തടവുകാര്‍ക്ക് പരി​ക്ക്

മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടൽ. ​ അഞ്ച് തടവുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30ന് കുളിക്കാനായി എല്ലാ തടവുകാരെയും സെല്ലിന് പുറത്തിറക്കിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.അതെ സമയം ജയില്‍ വാര്‍ഡന്മാര്‍ മര്‍ദ്ദി​ച്ചെന്ന് പരി​ക്കേറ്റ രണ്ട് തടവുകാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് ജയില്‍ വാര്‍ഡന്മാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഏഴാം നമ്പര്‍ സെല്ലിലെ തടവുകാരും റിമാന്‍ഡ് പ്രതി​കളായ പുളിക്കീഴ് സ്വദേശികളും സഹോദരങ്ങളുമായ സജിത്ത്, സജന്‍ എന്നിവരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായി​രുന്നു.

ഇവരും അണ്ണാച്ചി ഫൈസല്‍, നൗഷാദ്, നൗഫല്‍ എന്നീ തടവുകാരും തമ്മിൽ തർക്കത്തിനൊടുവിൽ ഏറ്റുമുട്ടുകയായിരുന്നു.ഏറെ നാളുകളായി തടവില്‍ കഴിയുന്ന അണ്ണാച്ചി ഫൈസലിനെ ആക്രമിച്ചപ്പോള്‍ മറ്റു തടവുകാര്‍ സജിത്തിനും സജനുമെതിരെ തിരിഞ്ഞു. തടസം പിടിക്കാനെത്തിയ ജയില്‍ വാര്‍ഡന്മാരെ ഇവർ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. സജിത്തും സജനും ആക്രമിച്ചതായി അണ്ണാച്ചി ഫൈസല്‍, നൗഷാദ്, നൗഫല്‍ എന്നി​വര്‍ പൊലീസിന് മൊഴി നല്‍കി.

സജിത്തിനെയും സജനെയും ഉദ്യോഗസ്ഥര്‍ ഒരു മുറിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മറ്റ് തടവുകാരെ സെല്ലുകളിലേക്ക് മാറ്റി​യത്. പിന്നീട് സജനും സജിത്തും മുറിയിലെ ഗ്ലാസ് പൊട്ടിച്ചു നെ‍ഞ്ചിലും നെറ്റിയിലും മുറിവേല്പി​ക്കുകയായിരുന്നെന്നാണ് ജയില്‍ ജീവനക്കാര്‍ പറയുന്നത്. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശി​പ്പി​ച്ചപ്പോള്‍ ജയില്‍ വാര്‍ഡന്മാര്‍ തങ്ങളെ ആക്രമിച്ചതായി സജിത്തും സജനും ഡോക്ടറോട് പറഞ്ഞു. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചതി​നെ തുടര്‍ന്നാണ് ജയില്‍ വാര്‍ഡന്മാരായ പ്രദീപ്കുമാര്‍, വിനോജ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

shortlink

Post Your Comments


Back to top button