കണ്ണൂര്‍: യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപിയിലേക്കു പോകുമെന്നത് മൂന്നുതരമാണെന്ന് സിപിഐ എമ്മില്‍ ചേര്‍ന്ന മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം. സുധാകരന്റെ ബിജെപി ബന്ധം തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ല.
രണ്ടുവര്‍ഷം മുമ്പ് ബിജെപി നേതൃത്വം വലവീശാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതാക്കളിലൊരാളാണദ്ദേഹം. അമിത്ഷാ എന്ന രാഷ്ട്രീയ കുബുദ്ധിരാക്ഷസന്റെ തിരക്കഥയനുസരിച്ചാണ് സുധാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ സഹമന്ത്രിയാവുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം– പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമിത്ഷായുടെ ദൂതന്‍ രാജ ചെന്നൈയില്‍ വച്ച് തന്നോടു സംസാരിച്ചതായി സുധാകരന്‍ തന്നെ വെളിപ്പെടുത്തിയുട്ടുള്ളതാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ നില്‍ക്കില്ല. പാമ്പ് ഉറയൊഴിയുന്നതു പോലെ ഉറയൊഴിഞ്ഞാലേ ഇക്കാലത്ത് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂവെന്ന് സുധാകരന്‍ പലപ്പോഴും തന്നോടു പറഞ്ഞിട്ടുണ്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയഫാസിസമൊന്നും അദ്ദേഹത്തിനു പ്രശ്നമല്ല.
ആര്‍എസ്എസ് വോട്ടുവാങ്ങാന്‍ കച്ചവടമായിക്കഴിഞ്ഞു. സുധാകരന്റെ അഴിമതിയെയും അപ്രമാദിത്വത്തെയും ചോദ്യംചെയ്തതിന്റെ പേരില്‍ പാര്‍ടിയില്‍ അപ്രഖ്യാപിത ഊരുവിലക്കിനു വിധേയനാകേണ്ടിവന്ന ആളാണ് താന്‍. ഡിസിസി ഓഫീസ് നിര്‍മാണത്തിനുവേണ്ടി സുധാകരന്റെ നേതൃത്വത്തില്‍ നാട്ടില്‍നിന്നും വിദേശത്തുനിന്നും കോടികള്‍ പിരിച്ചിരുന്നു. 2013ലാണ് പുതുക്കിപ്പണിയാനായി ഡിസിസി ഓഫീസ് പൊളിച്ചത്.
2016 ആയിട്ടും തൂണുപോലും ഉയര്‍ന്നില്ല. ഇതോടെ ഒരു യോഗത്തില്‍ പിരിച്ച തുകയുടെ കണക്കു ചോദിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂളില്‍ സുധാകരന്റെ ഒത്താശയോടെ കോണ്‍ഗ്രസ്– ആര്‍എസ്എസ് നേതാക്കള്‍ നടത്തുന്ന പങ്കുകച്ചവടത്തെയും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അധ്യാപക നിയമനത്തിലൂടെ നാലുകോടിയോളം രൂപയാണ് കോണ്‍ഗ്രസിനു ലഭിച്ചത്.
ഈ പണം ആര്, എങ്ങനെ വിനിയോഗിച്ചെന്നു വെളിപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഊരുവിലക്കുണ്ടായത്. ഒന്നര വര്‍ഷത്തോളം ജില്ലയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിച്ചില്ല. ഇപ്പോഴും ഈ ചോദ്യങ്ങള്‍ പ്രസക്തമാണെന്നും പ്രദീപ് വട്ടിപ്രം പറഞ്ഞു.
Post Your Comments