കൊച്ചി: അടിയന്തിര ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ കൊണ്ടുപോയ പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ എ എച് പി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവില്‍ നിന്ന് 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കാണ് ആംബുലന്‍സില്‍ എറണാകുളത്ത് ചൊവ്വാഴ്ച എത്തിച്ചത്. കേരളം കൈകോര്‍ത്ത് ആംബുലന്‍സിനായി വഴിയൊരുക്കിയപ്പോള്‍ ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ കടവൂര്‍ സ്വദേശി ബിനില്‍ സോമസുന്ദരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതെ സമയം തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ തന്‍റെ പേരിലുണ്ടാക്കിയെന്നുമാണ് ബിനില്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ അത്തരം അക്കൗണ്ടില്‍ നിന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ വിദഗ്ധരുമായി ആലോചിച്ച ശേഷം നടപടികള്‍ സ്വീകരിക്കുന്നുമെന്നും ബിനില്‍ പറഞ്ഞു.
‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്ബതികളുടേതാണ്.ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിടുകയായിരുന്നു.
ബിനിലിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാര്‍ ഗുരതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വിശദ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഹൃദയ ശസ്ത്രക്രിയ തീരുമാനിക്കൂ.
Post Your Comments