ന്യൂഡല്‍ഹി: പതിവായി ബൈക്ക് മോഷണം പോകുന്നതിനു പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ : ബൈക്ക് മോഷണത്തിനു പിന്നില്‍ വിചിത്രകാരണം. ഡല്‍ഹിയിലെ പഹന്ഗഞ്ച്, ദരിയാഗഞ്ച് എന്നീ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന കുട്ടികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബൈക്കുകള്‍ ഇവര്‍ മോഷ്ടിക്കുന്നത് എന്തിനെന്ന വിവരം അറിഞ്ഞതോടെ പോലീസുകാര്‍ ഞെട്ടി. മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ ഉപയോഗിക്കുകയോ വില്ക്കുകയോ ചെയ്യാറില്ല. ബൈക്കിനോടു ചേര്‍ന്നുനിന്നു ചിത്രങ്ങള്‍ പകര്‍ത്തുകയും ഇന്ധനം തീരുന്നവരെ ബൈക്കില്‍ സവാരിചെയ്യുകയും ചെയ്ത ശേഷം അത് നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്.
തങ്ങള്‍ക്ക് ഒരുപാട് ഇരുചക്രവാഹനങ്ങള്‍ ഉണ്ടെന്ന് സഹപാഠികളെ ധരിപ്പിക്കാനാണ് ഈ മോഷണം. എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബൈക്ക് മോഷ്ടാക്കള്‍. തന്റെ അച്ഛന്റെ പഴയ സ്കൂട്ടറിന്റെ ചാവി ഉപയോഗിച്ച് ഒരിക്കല്‍ ബൈക്ക് ഓണ്‍ ആക്കിയെന്നും പിന്നീട് ഇതെ ചാവി ഉപയോഗിച്ചാണ് നിരവധി ബൈക്കുകള്‍ ഓണ്‍ ആക്കിയതെന്നും കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥി പോലീസിനോടു പറഞ്ഞു.
ഒരു ചാവി ഉപയോഗിച്ച് ഏത് വാഹനങ്ങളും തുറക്കും എന്നതില്‍ അവര്‍ ഉറച്ചു വിശ്വസിക്കുന്നു എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്. ഇത് അവരെ കൂടുതല്‍ മോഷണത്തിലേക്ക് വീണ്ടും വീണ്ടും പ്രേരിപ്പിച്ചു. നിലവില്‍ കുട്ടികളെ ജൂവനയല് ഹോമില്‍ നിന്നും രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
സ്കൂള്‍ വിട്ടതിന് ശേഷം ബൈക്കുകള്‍ മോഷ്ടിച്ച് ചിത്രങ്ങള്‍ എടുക്കുന്നത് ഇവര്‍ പതിവാക്കിയിരുന്നു. ഏകദേശം 24 ഇരുചക്ര വാഹനങ്ങളെങ്കിലും തങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ കുട്ടികള്‍ പോലീസിനോട് പറഞ്ഞു. മോഷ്ടിക്കപ്പെട്ട ബൈക്കുകളില്‍ 11 എണ്ണം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments