
തുറവൂര്‍: പെണ്‍കുട്ടികള്‍ അറിയാതെ അവരുടെ ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. തുറവൂര്‍ കളരിക്കല്‍ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ് (19), ദീപില്‍ (19), അമല്‍ദേവ് (18) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെ നിരവധി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ, അവര്‍ അറിയാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീലമായി ചിത്രീകരിച്ച് പ്രചരിപ്പിക്കലായിരുന്നു ഇവരുടെ രീതി.
തുറവൂര്‍ പഞ്ചായത്തിലെ മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല കമന്റുകളോടെ പ്രചരിപ്പിച്ച അഞ്ച് യുവാക്കളാണ് പിടിയിലായത്. സംഘത്തില്‍പ്പെട്ട ഒരു യുവാവിന്റെ അമ്മയുടെ ചിത്രം ഇത്തരത്തില്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പരസ്പരം ഉണ്ടായ ഏറ്റുമുട്ടലാണ് സംഭവം പുറംലോകം അറിയാന്‍ കാരണം.
ഇതോടെ സ്ഥലത്തെ സ്ത്രീകള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതില്‍ പരാതി സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments