കട്ടപ്പന : കേരളത്തില്‍ കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം മൂന്നിരട്ടിയായി വര്‍ധിച്ചതായി പോലീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന സൂചന നല്‍കി 2019 ജനുവരി വരെയുള്ള കണക്കാണ് പോലീസ് പുറത്തു വിട്ടിരിക്കുന്നത്. 2012-ല്‍ 1324 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. 2013-ല്‍ 1877, 2014-ല്‍ 2391, 2015-ല്‍ 2384, 2016-ല്‍ 2881, 2017-ല്‍ 3543, 2018-ല്‍ 4008 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2019 തുടങ്ങിയപ്പോള്‍ തന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കുട്ടികളുടെ കൊലപാതകം, ലൈംഗിക ചൂഷണം, തട്ടിക്കൊണ്ടു പോകല്‍, പണത്തിനും ലൈംഗികാവശ്യങ്ങള്‍ക്കുമായി കുട്ടികളെ വില്‍പനച്ചരക്കാക്കുക തുടങ്ങിയ വകുപ്പുകളില്‍ 1452 കേസുകളാണ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തത്. ജനുവരിയില്‍ 269 പേര്‍ക്കെതിരേ പോക്‌സോ ചുമത്തേണ്ടി വന്നു. അഞ്ചു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ഒരു മാസം ഇത്രയേറെ പോക്‌സോ കേസുകള്‍ ഉണ്ടാകുന്നത് ആദ്യമാണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവുണ്ടാകുമെന്നാണ് സൂചന.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-ല്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്ന് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു. തിരുവനന്തപുരത്താണ് ഈ വര്‍ഷം ഏറ്റവുമധികം പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments