KeralaLatest News

ഒരു ശബ്ദം കേട്ടു, സോഫയില്‍ നിന്നും വീണതാകുമെന്ന് പറഞ്ഞ് ഫോണിൽ മുഴുകി യുവതി, കുഞ്ഞിനെ നോക്കാതെ അരുണിനെ ആശ്വസിപ്പിക്കാനും ശ്രമം; ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

തൊടുപുഴ: ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കാതെയാണ് പെരുമാറിയതെന്ന് കുട്ടിയെ ആദ്യമെത്തിച്ച ചാഴിക്കാട് ആശുപത്രിയിലെ എമര്‍ജന്‍സി സ്‌പെഷ്യലിസ്റ്റ് ഡോ. ഷെയ്ഖ് അന്‍സാരി. ഫോണില്‍ മുഴുകിയ യുവതിയും മദ്യപിച്ച്‌ ബോധമില്ലാതിരുന്ന അരുണ്‍ ആനന്ദും തന്നെ അമ്പരപ്പിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.

മാര്‍ച്ച്‌ 28ന് പുലര്‍ച്ചെ 3.55നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. 4.05ന് ഡോക്ടര്‍ ആശുപത്രിയിലെത്തി കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും സിടി സ്‌കാനെടുത്തപ്പോള്‍ കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ സര്‍ജറിക്ക് സമ്മതപത്രം ഒപ്പിട്ട് നല്‍കാതെ അരുണ്‍ ആനന്ദും യുവതിയും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. നടന്നത് എന്താണെന്ന് ചോദിച്ചപ്പോൾ ‘ഒരു ശബ്ദം കേട്ടു, സോഫയില്‍ നിന്നും വീണതായി സംശയിക്കുന്നു’ എന്നും പറഞ്ഞ് യുവതി ഫോൺ വിളിയിൽ മുഴുകി. അതേസമയം അരുൺ അയല്‍വീട്ടിലെ കുട്ടികള്‍ തള്ളിയിട്ടതാണെന്നായിരുന്നു അരുണിന്റെ മറുപടി. ഇരുവരുടെയും വാക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടതോടെ സംഭവം മെഡിക്കോ ലീഗല്‍ കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തൊടുപുഴ പോലീസിനെ വിവരം അറിയിച്ചു. യഥാസമയം പോലീസ് സ്ഥലത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ കുട്ടിയുടെ അമ്മയും അരുണും കുഞ്ഞിനെ ഉപേക്ഷിച്ച്‌ സ്ഥലം വിടുമായിരുന്നു എന്നുപോലും തോന്നിയെന്ന് ഡോക്ടര്‍ ഷെയ്ഖ് അന്‍സാരി പറയുന്നു. മരണവുമായി മല്ലിടുന്ന കുട്ടിയെ ശ്രദ്ധിക്കാതെ അരുണ്‍ ആനന്ദിനെ നിരന്തരം ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു യുവതിയെന്ന് ആംബുലന്‍സ് നഴ്‌സും വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button