പൊന്നാനി : മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചത് മോഷണത്തിനിടെ വീണുപോയ മൊബൈല്‍ ഫോണ്‍. മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ പോക്കറ്റില്‍നിന്നു വീണ മൊബൈല്‍ ഫോണാണ് പൊലീസിനു തുമ്പായത്, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി. പുതുപൊന്നാനി സ്വദേശി കൊമ്പന്‍ തറയില്‍ കബീറിനെയാണ് പൊന്നാനി സിഐ കെ.സി.വിനുവും സംഘവും അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 20ന് പുലര്‍ച്ചെ പൊന്നാനി കടവനാട്ടെ ഒരു വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. ലാപ്‌ടോപ്പും 6,000 രൂപയും മൊബൈല്‍ ഫോണും വാച്ചും ഇയാള്‍ മോഷ്ടിച്ചു. വീട്ടമ്മയുടെ കഴുത്തിലെ മാലകൂടി പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ എഴുന്നേറ്റു. ഈ സമയം ഓടി രക്ഷപ്പെടുന്നതിനിടെ പോക്കറ്റില്‍നിന്ന് സ്വന്തം മൊബൈല്‍ ഫോണ്‍ താഴെപ്പോയി. അന്നുതന്നെ വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ പൊലീസിനെ ഏല്‍പിച്ചിരുന്നു.
ഇയാള്‍ മറ്റൊരിടത്തുനിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണായിരുന്നു വീട്ടില്‍ വീണുപോയത്. പക്ഷേ, ഇതില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് സുഹൃത്തിനെ വിളിച്ചതാണ് കബീറിനു വിനയായത്. പൊലീസ് തേടിയെത്തുമെന്ന് ഉറപ്പായതോടെ കബീര്‍ ഒളിവിലായിരുന്നു. തന്ത്രപരമായാണ് പ്രതിയെ പൊലീസ് പിടിച്ചത്.
Post Your Comments