കൊച്ചി: തൊടുപുഴയില്‍ മര്‍ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ അമ്മയെ അന്വേഷണസംഘം ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. നിലവിൽ ആശുപത്രി അധികൃതർ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് അമ്മയുമായി സംസാരിക്കുന്നത്. അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി അവര്‍ പറഞ്ഞതായാണു വിവരം.അരുണിനെ നേരത്തേ പൂര്‍ണമായി വിശ്വസിച്ചിരുന്നു.
പിന്നീട്, അരുണിനോടുള്ള ഭയംകൊണ്ട് എല്ലാം സഹിച്ചു കഴിയുകയായിരുന്നു. ഇനി ഒത്തുപോകാന്‍ കഴിയില്ല. ഇളയ കുഞ്ഞുമൊത്തു ജീവിക്കണമെന്നാണ് ആഗ്രഹം. മരണമടഞ്ഞ ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തില്‍ അരുണാണ് സഹായത്തിന് ഉണ്ടായിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോള്‍ ആറു ലക്ഷം രൂപ തന്റെ അക്കൗണ്ടിലിട്ടത് അരുണിനോടുള്ള ബാധ്യതയ്ക്കു കാരണമായെന്നും അവര്‍ പറഞ്ഞതായാണു സൂചന.
ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ ഗുരുതര നിലയില്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവും ചികിത്സ വൈകിപ്പിക്കാന്‍ ശ്രമം നടന്നോയെന്നും പോലീസ് അന്വേഷിക്കും. ഇപ്പോള്‍ അവര്‍ക്കു കോലഞ്ചേരിയിലെ ആശുപത്രിയില്‍ കൗണ്‍സിലിങ് നല്‍കുകയാണ്. കഴിഞ്ഞ 28 ന് പുലര്‍ച്ചെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നു ഡോക്ടമാര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതം നല്‍കാതെ വഴക്കിടുകയാണ് അരുണ്‍ ആനന്ദും കുട്ടിയുടെ അമ്മയും ചെയ്തത്.
പിന്നീട് ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടിട്ടും അരുണ്‍ തയാറായില്ല. ഇത്തരത്തില്‍ വിലയേറിയ ഒന്നര മണിക്കൂറോളം ഇരുവരും ചേര്‍ന്നു നഷ്ടമാക്കി. ഒരു മണിക്കൂറെങ്കിലും നേരത്തേ എത്തിച്ചിരുന്നെങ്കില്‍ കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത ഏറെയായിരുന്നെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ അരുണ്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. പരുക്കേറ്റ കുട്ടിയുമായി അമ്മ കാറിന്റ പിന്‍സീറ്റിലായിരുന്നു.
വാഹനം എത്തിയയുടന്‍ ജീവനക്കാരും യുവതിയും ചേര്‍ന്ന് കുട്ടിയെ സ്‌ട്രെച്ചറില്‍ അകത്തേക്കു കൊണ്ടുപോകുന്നതു കാണാം. ഈ സമയം കാറില്‍ നിന്നിറങ്ങിയ അരുണ്‍ മദ്യലഹരിയിലായിരുന്നു. കാല്‍ നിലത്തുറയ്ക്കാത്തവിധം ആടിയാണു നടന്നത്. ഷര്‍ട്ടിന്റെ ബട്ടണുകള്‍ തുറന്നിട്ടിരുന്നു. ഇയാള്‍ കാഷ്വാല്‍റ്റിയിലേക്കു കയറിച്ചെല്ലുന്നതും അവിടെവച്ച് ഡോക്ടര്‍മാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ഇവിടെ അനാവശ്യമായി സമയംകളഞ്ഞ് ചികിത്സ മുടക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നോയെന്നാണു പോലീസ് പരിശോധിക്കുന്നത്.
അതേസമയം, അമ്മയും മൂന്നു വയസുള്ള ഇളയ കുട്ടിയും മാത്രമാണു സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. കാമുകന്‍ അരുണ്‍ ആനന്ദിനു പരമാവധി ശിക്ഷ ലഭിക്കാന്‍ കുട്ടിയുടെ അമ്മയുടെ മൊഴി ഉപകരിക്കുമെന്നാണു നിയമോപദേശം. ഈ സാഹചര്യത്തിലാണ് അവരെ സാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കു പങ്കുണ്ടെന്നു വ്യക്തമായാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കും.
Post Your Comments