KeralaLatest News

തൊടുപുഴയിൽ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരിച്ചു

തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ഏഴുവയസുകാരൻ മരിച്ചു. 11 :35 ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോർ ഇളകിയിരുന്നു.

കഴിഞ്ഞ ഒമ്പത് ദിവസമായി കുട്ടി മരണത്തോട് മല്ലടിക്കുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു.തുടർന്ന് ട്യൂബിലെ ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇന്നലെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നവെന്നും മരുന്നുകളോട് പ്രതികരികരിച്ചിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. വെന്റിലേറ്ററിൽ കഴിയുമ്പോൾത്തന്നെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ പിതാവ് ബിജുവിന്റെ വീട്ടിലായിരിക്കും സംസ്ക്കാരം നടത്തുക.

മാർച്ച് 28 നായിരുന്നു ദാരുണ സംഭവം നടന്നത്. അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദും അമ്മയും രാത്രിയിൽ പുറത്തുപോയി വന്നപ്പോൾ ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന പേരിൽ മൂത്തകുട്ടിയായ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോലഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി വീണ് തലയ്ക്ക് പരുക്കേറ്റതാണെന്നാണ് അരുണും കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.

ചോദിച്ചതിനു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഏഴു വയസുകാരനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വീണു കിടന്ന കുട്ടിയുടെ തലയില്‍ ഇയാള്‍ പലവട്ടം ചവിട്ടി. ചവിട്ടേറ്റാണ് തലയ്ക്കു പിന്നിലായി ആഴത്തില്‍ മുറിവുണ്ടായത്. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ നിരന്തരം ഇയാൾ ഉപദ്രവിക്കാറുണ്ടായിരുന്നു. പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് ബിജു മരിക്കുന്നത്. ഇതിനുശേഷമാണ് അരുണ്‍ ഇവര്‍ക്കൊപ്പം താസിക്കാന്‍ തുടങ്ങുന്നത്. ഇയാള്‍ കുട്ടികളുടെ ബന്ധുകൂടിയാണ്. കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അരുൺ. ബിജുവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button