KeralaLatest NewsIndia

തൊടുപുഴയിലെ ‘അമ്മ കുറ്റക്കാരിയോ? ശരീരമാസകലം അരുണ്‍ ഏല്‍പ്പിച്ച മുറിവുകൾ, യുവതി ആത്മഹത്യ ചെയ്യാനും സാധ്യതയെന്ന് സൈക്കോളജിസ്റ്റ്

അയല്‍വക്കത്തുള്ളവരോട് പോലും മിണ്ടാന്‍ യുവതിക്ക് അനുവാദമില്ലായിരുന്നു.

തൊടുപുഴയിലെ ആ ഏഴു വയസ്സുകാരന്‍ ലോകത്തോട് വിട പറഞ്ഞതോടെ അവന്റെ അമ്മയ്‌ക്കെതിരെ ആക്രമണം ശക്തമാക്കി സോഷ്യൽ മീഡിയ.സ്വന്തം പാപ്പി പോയതറിയാതെ അവന്റെ കുഞ്ഞനുജന്‍ ഇപ്പോള്‍ അമ്മമ്മയുടെ സംരക്ഷണയിലാണ്. ഇതിനൊക്കെ ഉപരി എല്ലാത്തിനും സാക്ഷിയായി അവന്റെ അമ്മ കോലഞ്ചേരിയിലെ ആശുപത്രിയില്‍ തന്നെയുണ്ട്. കുറ്റക്കാരിയാണോ അതോ ഇരയാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപകമായി തുടരുമ്പോഴും പുറത്തെ ഒരു കാര്യവും അറിയാതെയാണ് അവർ ഇവിടെ കഴിയുന്നത്.

ഈ ലോകം മുഴുവന്‍ പഴിച്ചാലും താന്‍ അവളെ കുറ്റപ്പെടുത്തില്ലെന്നും മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍ എന്നും പറഞ്ഞത് ആ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ അമ്മയാണ്. അവര്‍ മാത്രമല്ല അവളുടെ അടുത്ത സുഹൃത്തുക്കളും പറയുന്നത് അങ്ങനെതന്നെയാണ്. യുവതിയെക്കുറിച്ചും ജീവിതത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും കൂടുതലറിയാവുന്ന യുവതിയുടെയും ആദ്യഭര്‍ത്താവിന്റെയും സുഹൃത്ത് കൂടിയായ സൈക്കോളജിസ്റ്റ് പറയുന്നത് അവള്‍ കടുത്ത വിഷാദത്തിനടിപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ എന്നാണ്. കരയാന്‍ പോലുമാകാത്ത മാനസികാവസ്ഥയാണ് അവള്‍ക്കിപ്പോഴുള്ളത്.

താന്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന ബോധ്യത്തിലേക്ക് ആ യുവതി ഇനിയും എത്തിയിട്ടില്ല. മനസ്സിനേറ്റ മുറിവുകളും കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കിടെ നേരിടേണ്ടി വന്ന അനുഭവങ്ങളുടെ ആഘാതവും വേറെ. ആരുമുണ്ടായിരുന്നില്ല അവളുടെ സഹായത്തിന്. കൂടാതെ ഇവർക്ക് ആത്മഹത്യാ പ്രവണതയും കൂടുതലാണെന്ന് സൈക്കോളജിസ്റ്റ് പറഞ്ഞു. അവളുടെ ശരീരമാസകലം അരുണ്‍ ആനന്ദ് ഏല്‍പ്പിച്ച മുറിവുകളാണ്. നടന്നതെന്തൊക്കെയാണെന്ന് വേണ്ടുംവിധം മനസ്സിലാക്കാന്‍ പോലും അവള്‍ക്കിനിയും കഴിഞ്ഞിട്ടില്ല എന്നാണു സൈക്കോളജിസ്റ്റ് പറയുന്നത്.

അതെ സമയം സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണം കുഞ്ഞിന്റെ മരണത്തോടെ അതിശക്തമായിട്ടുണ്ട്. ഇതിനിടെ കവയിത്രിയും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി അടക്കം പലരും അമ്മയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ഇര എന്ന നിലയില്‍ അമ്മയെ പരിഗണിക്കണമെന്നും അവരുടെ മാനസികാവസ്ഥ കൂടി കതണക്കിലെടുക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്. അവള്‍ കുറ്റക്കാരിയാണോ എന്ന് കണ്ടെത്തേണ്ടത് പോലീസും നിയമവുമാണ്. അല്ലാതെ സമൂഹമാധ്യമങ്ങളല്ല എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്‍ പറയുന്നു.

ഭര്‍ത്താവ് ബിജുവും കുഞ്ഞുങ്ങളുമൊത്ത് സന്തുഷ്ടജീവിതമാണ് യുവതി നയിച്ചിരുന്നത്. ബിജുവിന്റെ മരണം അവളെ പാടെ തളര്‍ത്തി. തനിക്കും മക്കള്‍ക്കും ഒരു തുണയില്ലാതെ ജീവിതം മുന്നോട്ട് പോവില്ലെന്ന് അവള്‍ക്ക് മനസ്സിലായി. കുഞ്ഞുങ്ങളോട് സ്‌നേഹമുള്ള ആള്‍ എന്ന നിലയിലാണ് അരുണ്‍ അവളുമായി അടുത്തതെന്ന് യുവതിയുടെ സുഹൃത്തായ സൈക്കോളജിസ്റ്റ് പറയുന്നു. അവനെ അവള്‍ പൂര്‍ണമായും വിശ്വസിക്കുകയും അതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നൊറ്റപ്പെടുകയും ചെയ്തു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവവൈകൃതങ്ങളും അവള്‍ക്ക് മനസ്സിലായത് ഏറെ വൈകിയാണ്.

അപ്പോഴും കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത് അവരെ ധൈര്യമുള്ളവരും നല്ലവരുമായി വളര്‍ത്താനാണെന്ന് അവന്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളെ പാതിരാത്രിയില്‍ വീട്ടില്‍ തനിച്ചാക്കുന്നത് അവരെ ധൈര്യമുള്ളവരാക്കുമെന്നാണ് അരുണ്‍ അവളെ പറഞ്ഞുവിശ്വസിപ്പിച്ചത്. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമ്പോഴൊക്കെ തടയാന്‍ ചെല്ലുന്ന അവളെയും അരുണ്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു.കുഞ്ഞിന്റെ മരണത്തില്‍ അരുണിനൊപ്പം യുവതിയെയും പ്രതിയാക്കണമെന്ന് ആവശ്യങ്ങളുയരുമ്പോഴും അവളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സഹായഹസ്തവുമായി പലരും എത്തുന്നുണ്ട്.

യുവതിയുടെ അവസ്ഥയറിഞ്ഞ് ആശുപത്രിയിലേക്ക് അവളെ സഹായിക്കാനെത്തിയ കുടുംബശ്രീയുടെ ‘സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക’് കൗണ്‍സിലറും പറയുന്നത് താന്‍ ഒരു ഇരയാണെന്ന് ആ യുവതി ഒരിക്കല്‍ പോലും മനസ്സിലാക്കിയതേ ഇല്ല എന്നാണ്.സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണ് എന്നതുകൊണ്ട് തന്നെ ബന്ധുക്കളെ സഹായത്തിന് വിളിക്കാന്‍ യുവതിക്ക് ആകുമായിരുന്നില്ല. ബിജുവിന്റെ മരണത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആ വീട്ടില്‍ തുടരാന്‍ അവള്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഹിന്ദുമതവിശ്വാസത്തിലാണ് ബിജുവും അവളും കുട്ടികളും ജീവിച്ചത്.

ബിജുവിന്റെ മാതാപിതാക്കള്‍ പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ബിജുവിന്റെ മൃതദേഹം അടക്കം ചെയ്തതും മാതാപിതാക്കളുടെ മതവിശ്വാസപ്രകാരമാണ്. ഇത് അവളില്‍ കടുത്ത മാനസികപ്രയാസം ഉണ്ടാക്കിയെന്നും കൗണ്‍സിലര്‍ പറഞ്ഞു. തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് പോയത്. ബിജു മരിച്ച്‌ മൂന്നാം ദിവസമാണ് അരുണ്‍ ആനന്ദ് ബിജുവിന്റെ വീട്ടിലെത്തിയതും യുവതിയെ കാണുന്നതും. വളരെ അടുപ്പമുള്ളയാളെപ്പോലെ പെരുമാറി അയാള്‍ അവളുടെ വിശ്വാസം നേടിയെടുത്തു. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചാണ് സംസാരിച്ചതിലധികവും.

ഒറ്റപ്പെട്ട അവസ്ഥയില്‍ അയാള്‍ അവള്‍ക്കൊപ്പമുണ്ടെന്ന് ഭാവിച്ചു. അങ്ങനെയാണ് യുവതി അരുണിനൊപ്പം അമ്മയുടെ എതിർപ്പ് അവഗണിച്ചു പോയത്. കൂടെ ജീവിച്ച്‌ തുടങ്ങിയതോടെ അരുണിന്റെ സ്വഭാവം മാറി. അയാള്‍ സാമ്പത്തികമായി യുവതിയെ ചൂഷണം ചെയ്തു തുടങ്ങി. അയാള്‍ക്ക് ആര്‍ഭാടമായി ജീവിക്കാന്‍ വേണ്ടി കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വരെ യുവതിയെ ഭീഷണിപ്പെടുത്തി സ്വന്തമാക്കി. ഇടക്കാലത്ത് അമ്മയുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും അരുണ്‍ കൂടുതലൊന്നും പറയാന്‍ യുവതിയെ അനുവദിച്ചിരുന്നില്ല.

അയല്‍വക്കത്തുള്ളവരോട് പോലും മിണ്ടാന്‍ യുവതിക്ക് അനുവാദമില്ലായിരുന്നു. കുട്ടികളുടെ അധ്യാപകരോട് സംസാരിക്കുന്നതില്‍ പോലും അരുണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.ബിജുവിന്റെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ആവശ്യം യുവതിയെ മാനസികമായി തകര്‍ത്തിട്ടുണ്ടെന്ന് സുഹൃത്തായ സൈക്കോളജിസ്റ്റ് പറയുന്നു. ബിജുവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ്. ബിജുവിന് ബിപിയും കൊളസ്‌ട്രോളുമൊക്കെ ഉണ്ടായിരുന്നെന്നും മരുന്ന് കഴിക്കാന്‍ തയ്യാറല്ലായിരുന്നെന്നും അറിയുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഈ ആവശ്യവുമായി വന്നിരിക്കുന്നത്.

മറ്റൊരു പ്രതിസന്ധി തൊടുപുഴയില്‍ അവര്‍ താമസിച്ചിരുന്ന വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമസ്ഥര്‍ ആവശ്യപ്പെട്ടതാണ്. ആശുപത്രി വിട്ട് അവള്‍ക്ക് പോകാനൊരിടമില്ല. അമ്മ മാത്രമാണ് അവളുടെ സഹായത്തിനുള്ളത്. അമ്മയുടെ വീട്ടിലേക്ക് പോകാനും ബന്ധുക്കളുടെ എതിര്‍പ്പ് മൂലം കഴിയില്ല. കുഞ്ഞിന്റെ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ നടുവില്‍ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായയാണ് ആ സ്ത്രീ.കുഞ്ഞുങ്ങളുമൊത്ത് അരുണിന്റെ അടുക്കല്‍ നിന്ന് രക്ഷപ്പെടാന്‍ പല തരത്തിലും യുവതി ശ്രമിച്ചിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സുഹൃത്തിന്റെ സഹായത്തോടെ യുവതിക്ക് വിദേശത്ത് ഒരു ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകുന്ന കാര്യം അരുണ്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ ബിടെക് പഠനവുമായി ബന്ധപ്പെട്ടതടക്കമുള്ള യുവതിയുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം വീട്ടില്‍ നിന്ന് അപ്രത്യക്ഷമായി. പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളും അരുണ്‍ അടയ്ക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ നിര്‍ബന്ധപൂര്‍വ്വമാണ് യുവതിയെ അരുണ്‍ യാത്രകളില്‍ കൂടെക്കൂട്ടിയിരുന്നത്. ബാറിലും മറ്റും യുവതിയെ ഒപ്പം കൂട്ടിയിരുന്നത് തിരികെവരും വഴി പോലീസ് പിടിക്കാതിരിക്കാനാണത്രേ. യുവതിയായിരുന്നു അത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ ഓടിച്ചിരുന്നതെന്നാണ് പോലീസ് പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button