സംസ്ഥാനത്ത് കൊടും ചൂട് ഏറിവരികയാണ്. വേനല്‍ക്കാലമായാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന ഒരു നൂറ് പ്രശ്നങ്ങള്‍ ആളുകള്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ചൂട്, പൊടി, വിയര്‍പ്പ്… എന്നിങ്ങനെയെല്ലാം കാരണങ്ങളും കാണും. എന്നാല്‍ ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് നമ്മള് പലപ്പോഴും തിരിച്ചറിയാറില്ല.
മുടിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മിക്കപ്പോഴും വളരെ വൈകിയാണ് നമ്മള് തിരിച്ചറിയുന്നതും. പരിപൂര്‍ണ്ണമായി തിളക്കമറ്റതും, നശിച്ചതുമായി മുടി മാറുന്നതിന് മുമ്പ് തന്നെ പ്രതിരോധമെന്ന നിലയക്ക് ചില കരുതലെടുക്കാം.
പ്രകൃതിദത്തമായ രീതിയില്‍ തന്നെ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാവുന്നതേയുള്ളൂ. ഇതിന് നമ്മള് സാധാരണയായി വീട്ടില്‍ വാങ്ങി സൂക്ഷിക്കുന്ന സാധനങ്ങള്‍ തന്നെ ധാരാളം.
നേന്ത്രപ്പഴവും തേനും തൈരും ചേര്‍ത്തൊരു മാസ്കിനെപ്പറ്റിയാണ് പറയുന്നത്. വേനല്‍ക്കാല പ്രശ്നങ്ങളില്‍ നിന്ന് മുടിയെ അകറ്റിനിര്‍ത്താന്‍ ഉത്തമമാണ് ഈ മാസ്ക്. മുടിയില്‍ ഈര്‍പ്പം നിര്‍ത്താനും, മറ്റ് ബാക്ടീരിയല്‍ ആക്രമണങ്ങളില്‍ നിന്ന് മുടിയെ രക്ഷപ്പെടുത്താനും ഈ മാസ്ക് ഏറെ ഉപകരിക്കും.
ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
‘മാസ്ക്’ തയ്യാറാക്കുന്ന വിധം…
ഒരു നേന്ത്രപ്പഴമെടുത്ത് ഫോര്‍ക്കോ വലിയ സ്പൂണോ വച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേനും രണ്ട് മുതല്‍ മൂന്ന് ടീസ്പൂണ്‍ വരെ തൈരും ചേര്‍ക്കുക. (മുടിയുടെ നീളമനുസരിച്ചാണ് തൈരിന്റെ അളവ് നിശ്ചയിക്കേണ്ടത്.)
ശേഷം ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ഇവയെല്ലാം നന്നായി യോജിപ്പിച്ചെടുക്കാം. മാസ്ക് റെഡിയായാല്‍ ഇത് മുടിയുടെ തുടക്കം മുതല്‍ അറ്റം വരെ തേച്ചുപിടിപ്പിക്കുക. 20 മുതല്‍ 30 മിനുറ്റ് വരെ മാസ്ക് മുടിയില്‍ പിടിക്കാന്‍ അനുവദിക്കുക. അതുകഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
Post Your Comments