ബീജിംഗ് • തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്യുവാന്‍ പ്രവിശ്യയില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തില്‍ 26 അഗ്നിശമനപ്രവര്‍ത്തകര്‍ മരിച്ചു. മുപ്പത് പേരെ കാണാതായിട്ടുണ്ട്. സിച്യുവാന്‍ പ്രവിശ്യയിലെ ലിയാങ്ഷനില്‍ തീയണക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് കാറ്റിന്റെ ഗതി മാറിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
ചൈനയിലെ എമര്‍ജന്‍സി മന്ത്രാലയമാണ് 26 പേര്‍ കൊല്ലപ്പെട്ട വിവരം സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം അഗ്നിശമനസേനയിലെ അംഗങ്ങളായിരുന്നെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 24 പേര്‍ മരിച്ചെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണല്‍ തിയേറ്റര്‍ കമാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച്ച രാവിലെയുണ്ടായ തീപിടിത്തം അണയ്ക്കാനായി 689 ജീവനക്കാരെയാണ് അഗ്നിശമനസേന വിന്യസിച്ചിരുന്നത്. ഇതിനിടെ ശക്തമായ കാറ്റ് കാരണം ജീവനക്കാര്‍ പല ഭാഗത്തായി ഒറ്റപ്പെടുകയായിരുന്നു.
3,800 മീറ്റര്‍ ഉയരത്തില്‍ മലഞ്ചെരുവിലെ ഒരു വിദൂരസ്ഥലമാണ് കത്തിനശിക്കുന്നത്. ഇവിടേക്ക് ഗതാഗതവും ആശയവിനിമയവും നടത്തുന്നത് ഏറെ ശ്രമകരമാണ്. . വൈദ്യസംഘത്തെയും വഹിച്ചുള്ള രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
Post Your Comments