ബീഹാര്‍ : ബീഹാര്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. സീറ്റ് പങ്കുവെക്കുന്നതിനെച്ചൊല്ലിയാണ് ബിഹാറിലെ മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സീറ്റ് നിഷേധിച്ചുവെന്ന പരസ്യപ്രസ്താവനയുമായി കോണ്‍ഗ്രസ് രംഗത്ത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് രാഷ്ട്രീയ ജനതാദള്‍. പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി.യുടെ വിദ്യാര്‍ഥിവിഭാഗത്തിന്റെ ചുമതലയില്‍നിന്ന് ലാലുവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് രാജിവെക്കുകയും ചെയ്തു.ബി.ജെ.പി.ക്കെതിരേ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി രൂപംകൊടുത്ത മഹാസഖ്യം, തട്ടകമായ ബിഹാറില്‍ കടുത്ത പ്രതിസന്ധിയിലാണ്. സീറ്റ് വീതംവെപ്പില്‍ തങ്ങള്‍ അവഗണിക്കപ്പെട്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനയുമായി വ്യാഴാഴ്ച രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.ദര്‍ഭംഗ, ഔറംഗബാദ്, സുപൗള്‍, കാരകാട്ട് മണ്ഡലങ്ങളെച്ചൊല്ലിയാണ് തര്‍ക്കം. അടുത്തിടെ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിന്റെ സിറ്റിങ് മണ്ഡലമാണ് ദര്‍ഭംഗ. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കൈയിലായിരുന്ന ദര്‍ഭംഗ കീര്‍ത്തി ആസാദിലൂടെയാണ് ബി.ജെ.പി. പിടിച്ചെടുത്തത്. മൈഥിലി ബ്രാഹ്മണസമുദായത്തിനും മുസ്ലിം വിഭാഗത്തിനും ഒരുപോലെ സ്വാധീനതയുള്ള മണ്ഡലം വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് ആര്‍.ജെ.ഡി.
പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അബ്ദുള്‍ ബാരി സിദ്ദീഖിയെ മത്സരിപ്പിക്കാനാണ് ആര്‍.ജെ.ഡി. ആലോചിക്കുന്നത്. 2014-ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് സിദ്ദീഖി കീര്‍ത്തി ആസാദിനോട് പരാജയപ്പട്ടതെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ജാതിസമവാക്യങ്ങള്‍ കണക്കിലെടുത്ത് മൈഥിലി ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട കീര്‍ത്തി ആസാദാണ് ബി.ജെ.പി.യെ നേരിടാന്‍ യുക്തനായ സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസും അവകാശപ്പെടുന്നു.കേരളത്തിലെ മുന്‍ ഗവര്‍ണറും മുന്‍ എം.പി.യുമായ നിഖില്‍ കുമാറിനെ മത്സരിപ്പിക്കാന്‍ ഔറംഗബാദ് മണ്ഡലം വിട്ടുതരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍, മഹാസഖ്യം ധാരണയനുസരിച്ച് ജിതന്‍ റാം മംഝിയുടെ പാര്‍ട്ടിയായ എച്ച്.എ.എമ്മിനാണ് മണ്ഡലം നല്‍കിയിരിക്കുന്നത്.
സുപൗള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി. രഞ്ജിത് രഞ്ജനും പ്രതിസന്ധിയിലാണ്. സുപൗള്‍ കോണ്‍ഗ്രസിനു വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ആര്‍.ജെ.ഡി. അച്ചടക്കനടപടിയുണ്ടായാലും പിന്‍മാറില്ലെന്ന് ആര്‍.ജെ.ഡി. ജില്ലാ അധ്യക്ഷന്‍ യദുവംശകുമാര്‍ പറഞ്ഞു. മഹാസഖ്യത്തിന്റെ ഭാഗമാകാനും മധേപ്പുര മണ്ഡലത്തില്‍ മത്സരിക്കാനും രഞ്ജിത് രഞ്ജന്റെ ഭര്‍ത്താവും ജനാധികാര്‍ പാര്‍ട്ടി നേതാവുമായ പപ്പു യാദവ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന് മണ്ഡലം നല്‍കാനാണ് ആര്‍.ജെ.ഡി.യുടെ തീരുമാനം. 2014-ല്‍ പപ്പു യാദവ് മധേപ്പുരയില്‍ ശരദ് യാദവിനെ തോല്‍പ്പിച്ചിരുന്നു.
Post Your Comments