KeralaLatest News

ശബരിമല യുവതീ പ്രവേശന കേസിന് പിന്നില്‍ സംഘപരിവാറാണെന്ന് ആവര്‍ത്തിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം•ശബരിമല യുവതീ പ്രവേശന കേസിന് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് ആവര്‍ത്തിച്ച്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്ന പ്രേരണകുമാരി ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയാണെന്ന് കടകംപള്ളി പറഞ്ഞു. ഇവര്‍ ബി.ജെ.പി പതാകയുമേന്തി നില്‍കുന്ന ചിത്രവും ചൗകിദാര്‍ പ്രേരണ എന്ന പേരിലുള ട്വിറ്റര്‍ പ്രൊഫൈലും നിരത്തിയാണ് മന്ത്രിയുടെ വാദം.

ഡല്‍ഹിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനുമാണ്. ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ‍ഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.

“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….”

– കടകംപളളി സുരേന്ദ്രൻ

https://www.facebook.com/kadakampally/posts/2335959216448995

shortlink

Related Articles

Post Your Comments

Related Articles


Back to top button