ന്യൂഡൽഹി : മിഷൻ ശക്തിയുടെ വിജയത്തിനു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയ ദാർഢ്യം തന്നെയെന്ന് വ്യക്തമാക്കി മുൻ ഡി.ആർ.ഡി.ഒ മേധാവി വി.കെ സാരസ്വത്. ഉപഗ്രഹവേധ മിസൈൽ സാദ്ധ്യമാക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ ആർജ്ജിച്ചിരുന്നു. എന്നാൽ അതിനാവശ്യമായ ചില ഘടകങ്ങൾ അനുവദിക്കാനോ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള സമ്മതം തരാനോ യുപിഎ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പല പ്രാവശ്യം യുപിഎ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും സാരസ്വത് ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് പദ്ധതിക്ക് പിന്തുണ ലഭിച്ചത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ പൂർണ പിന്തുണയും പദ്ധതി ലഭിച്ചു. തുടർന്നാണ് പരീക്ഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതും ഇപ്പോൾ വിജയം വരിച്ചതും.സാരസ്വത് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പരീക്ഷണം നടത്തിയെന്ന വാദം അദ്ദേഹം തള്ളി. ഒരു സമയപരിധിയും മോദി നിർദ്ദേശിച്ചില്ല.
എപ്പോഴാണോ പരീക്ഷണത്തിനു തയ്യാറാവുന്നത് അപ്പോൾ പരീക്ഷണം നടത്താമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞെതെന്ന് സാരസ്വത് വ്യക്തമാക്കി.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഉപഗ്രഹ വേധ മിസൈൽ വിജയകരമായി വിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പകൽ പന്ത്രണ്ട് മണിയോടെയാണ് രാജ്യത്തെ അറിയിച്ചത്. ലോകത്ത് ഉപഗ്രഹ വേധ മിസൈലുള്ള നാലാമത്തെ രാഷ്ട്രമായാണ് ഇന്നത്തോടെ ഇന്ത്യ മാറിയത്.
Post Your Comments