KeralaLatest News

വോട്ട് പിടിക്കാന്‍ കലക്ടറും സംഘവും നീന്തിയത് രണ്ട് കിലോമീറ്റർ

കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘം കടലില്‍ നീന്തി. പയ്യാമ്പലം ബീച്ചില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗവും ചാള്‍സ് നീന്തല്‍ പരിശീലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ നീന്തല്‍ പരിപാടിയുടെ ഭാഗമായാണ് കലക്ടറും 15 അംഗ സംഘവും കരയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം നീന്തിയത്.

ജനാധിപത്യ സംവിധാനത്തില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം മാര്‍ച്ച് 25ഓടെ അവസാനിക്കുകയാണ്. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ അക്ഷയ വഴിയോ nvsp.inയിലൂടെ ഓണ്‍ലൈനായി നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. 25ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കൂടി മാത്രമേ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവൂ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കടലില്‍ നീന്തുന്ന വേളയില്‍ പ്ലാസ്റ്റിക്കിന്റെ സഞ്ചികള്‍ തനിക്ക് ലഭിച്ചുവെന്നും ബീച്ചില്‍ വരുന്നവര്‍ പ്ലാസ്റ്റിക് കവറുകള്‍ കടലിലെറിയാതെ വീടുകളിലേക്ക് തിരികെ കൊണ്ടുപോവണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പയ്യാമ്പലം ബീച്ചില്‍ സയനോര ഫിലിപ്പിന്റെ നേതൃത്വത്തില്‍ സംഗീതസായാഹ്നവും സംഘടിപ്പിച്ചു. ഒരു വോട്ടും പാഴാക്കരുത് എന്ന സന്ദേശമുയര്‍ത്തിയാണ് വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button