ന്യൂഡല്‍ഹി: 700 പേരുടെ മരണത്തിന് ഇടയാക്കിയ ഇദായ് കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആദ്യം ഓടിയെത്തിയത് ഇന്ത്യന്‍ നാവികസേന. കൊടുങ്കാറ്റ് ആഞ്ഞുവീശിയതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 192 പേരെ രക്ഷിച്ചതായും മൊസാംബിക്കില്‍ സേന സജ്ജീകരിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ 1381 പേര്‍ക്ക് വൈദ്യസഹായം നല്‍കിയതായും നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റഅ മൊസാംബിക്ക്, സിംബാവേ, മലാവി തുടങ്ങിയ രാജ്യങ്ങളിലെ പകുതിയോളം പേരെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മൊസാംബിക്കില്‍ നിന്നുള്ള സഹായ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് പടക്കപ്പലുകള്‍ അവിടേക്ക് തിരിച്ചു. ഐ.എന്‍.എസ് സുജാത, ഐ.സി.ജി.എസ് സാരഥി, ഐ.എന്‍.എസ് ശ്രാദുല്‍ എന്നീ കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കെട്ടിടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഇന്ത്യയുടെ ചേതക് ഹെലിക്കോപ്ടറുകള്‍ നിരീക്ഷണം നടത്തുന്നുണ്ട്. ദുരിതം വിതച്ച മേഖലകളില്‍ ഭക്ഷണവും അടിയന്തര സഹായവുമെത്തിക്കാനും ഹെലിക്കോപ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അടിയന്തര സഹായവുമായി ഐ.എന്‍.എസ് മഗാര്‍ എന്ന കപ്പില്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ നിന്ന് തിരിക്കും. അതേസമയം, ഇന്ത്യന്‍ നാവികസേനയുടെ നിസ്വാര്‍ത്ഥസേവനം എല്ലാവര്‍ക്കും മാതൃകയാണെന്നാണ് അന്താരാഷ്ട്ര സമൂഹം പറയുന്നത്.
Post Your Comments