Kerala

തെരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിംഗ് പ്രസ്സുകളും സ്ഥാനാര്‍ഥികളും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അറിയിപ്പ്

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.അച്ചടിക്കുമ്പോഴും പകര്‍പ്പുകള്‍ എടുക്കുമ്പോഴും പ്രസ്സിന്റെയോ കോപ്പി എടുക്കുന്ന സ്ഥാപനത്തിന്റെയോ പേരും വിലാസവും, പ്രസാധകന്റെ പേരും വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, പ്രിന്റിംഗ് ചെലവ് എന്നിവ താഴ്ഭാഗത്ത് പ്രസിദ്ധീകരിക്കണം. നോട്ടീസും മറ്റും പ്രസിദ്ധീകരിക്കാനെത്തിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ രണ്ട് പ്രതികള്‍ പ്രസ്സുടമ പ്രസാധകനില്‍ നിന്ന് വാങ്ങിയിരിക്കണം.

പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം, അച്ചടി രേഖകയുടെ നാലു പകര്‍പ്പുകള്‍, അച്ചടിക്കാനെത്തുന്ന സ്ഥാനാര്‍ഥിയെയോ പ്രതിനിധിയെയോ പ്രസാധകന് നേരിട്ടറിയാമെന്നു കാണിക്കുന്ന സത്യവാങ്മൂലം എന്നിവ നിശ്ചിത ഫോറത്തില്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയ തിയ്യതി, അച്ചടിച്ചു നല്‍കിയ തിയ്യതി, പ്രിന്റ് ചെയ്ത സാധനത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം, പ്രിന്റിംഗിന് ഈടാക്കിയ തുക തുടങ്ങിയ വിവരങ്ങളും ജില്ലാ കലക്ടറെ അറിയിക്കണം. ഇതിനുള്ള ഫോറങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗം എക്‌സ്‌പെന്റീച്ചര്‍ സെല്ലില്‍ ലഭിക്കും.

നിയമവിരുദ്ധമോ, ജാതി-മത വികാരങ്ങള്‍ ഇളക്കിവിടുന്നതോ, അവയുടെ പേരില്‍ വോട്ടുചോദിക്കുന്നതോ, എതിര്‍ സ്ഥാനാര്‍ഥിയെ സ്വഭാവഹത്യ നടത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ അച്ചടിക്കപ്പെടുന്ന രേഖകളിലില്ല എന്ന് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഉറപ്പുവരുത്തണം. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പേരില്ലാതെ പ്രസിദ്ധീകരിക്കുന്നവ പാര്‍ട്ടിയുടെ ചെലവില്‍ വകയിരുത്തും. നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തുന്ന പ്രസ്സുകള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം 127എ പ്രകാരം ആറുമാസം തടവോ പിഴയോ അവ രണ്ടുമോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button