KeralaLatest News

വിഎസ് അച്യുതാനന്ദന്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി

തിരുവനന്തപുരം: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍.

രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിനും തകര്‍ക്കപ്പെടുന്നതിനും മുന്‍പ് മോഡി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് വിഎസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് പേജാണ് വിഎസ് വീണ്ടും സജീവമാക്കിയത്.

2016 നിയമസഭ തെരഞ്ഞെടുപ്പിന്റെ കാലത്ത് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പേജ് നിര്‍ജീവമായിരുന്നു. 2016 ജൂണ്‍ ഒന്നിനാണ് വി എസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. അതിന് ശേഷം മൂന്ന് വര്‍ഷമടുക്കുമ്പോഴാണ് വി.എസ് ഫേസ്ബുക്കില്‍ വീണ്ടും സജീവമാകുന്നത്.നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികള്‍ക്കും ശിങ്കിടി മുതലാളികള്‍ക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാന്‍സ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം. നൂറ്റാണ്ടുകള്‍ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പടര്‍ത്തുന്ന വര്‍ഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകര്‍ക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button