Latest NewsKerala

വഴിയോരങ്ങളിലെ അനധികൃത ശീതള പാനീയക്കടകള്‍ക്കെതിരെ കര്‍ശന നടപടി

തണുപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഐസ് ഗുണമേന്മയില്ലാത്തതാണെന്ന് കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയര്‍ന്നതോടെ വഴിയോരങ്ങളില്‍ താത്ക്കാലിക ഷെഡുകളില്‍ അനധികൃത ശീതളപാനീയക്കടകള്‍ വര്‍ധിച്ചു വരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് എടുക്കാതെയുമാണു വില്‍പന. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. അനധികൃതവല്‍പനകേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ഗുണമേന്മയില്ലാത്ത പാനീയങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും തീരുമാനിച്ചു.

മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശപ്രകാരമാണു നടപടി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ശീതളപാനീയ വില്‍പനകേന്ദ്രങ്ങളെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. കുപ്പിവെള്ളം, നാരങ്ങാ വെള്ളം, സംഭാരം, കരിമ്പിന്‍ ജ്യൂസ്, തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങള്‍ പാതയോരത്തു സുലഭമാണ്.

പഴവര്‍ഗങ്ങളില്‍ പലതും പഴകിയതാണെന്നു പരാതിയുമുണ്ട്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ആണു പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഐസ് എവിടെ നിന്നാണു കൊണ്ടുവരുന്നതെന്നുപോലും നിശ്ചയമില്ല. മത്സ്യം കേടാകാതിരിക്കാന്‍ തയാറാക്കുന്ന ഐസിനുവേണ്ടി ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണമേന്മ പരിശോധിക്കാറില്ല. ഇതേ ഐസ് ശീതളപാനീയ വില്‍പനക്കാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മലിനജലത്തില്‍ നിന്നുണ്ടാക്കുന്ന ഐസില്‍ കോളിഫോം ബാക്ടീരിയ വലിയ തോതില്‍ കാണാറുണ്ട്. ഇതു ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള പല ജലജന്യ രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറും. അതിനാല്‍ ശുദ്ധജലം ഉപയോഗിച്ചുമാത്രമേ ഐസ് ഉണ്ടാക്കാന്‍ പാടുള്ളൂവെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ഉറപ്പുവരുത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button