തിരുവനന്തപുരം : കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍. കൊടും വേനലും ചൂടും ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും ശുദ്ധജലം കിട്ടാക്കനിയാണ്. പുഴകളും തോടുകളും കനാലുകളും കുളങ്ങളും ഫെബ്രുവരി പകുതിയോടെ വറ്റി വരണ്ടു. വേനല്‍മഴയും. തുലാവര്‍ഷവും ശരാശരിയിലും കുറഞ്ഞതോടെ, സംസ്ഥാനത്തെ കാത്തിരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമമാണ്. മിക്ക സ്ഥലങ്ങളിലും കുടിയ്ക്കാന്‍ ശുദ്ധജല ലഭ്യതയില്ല. കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നതു വന്‍തിരയിളക്കത്തിനും കാരണമാകും. രാത്രിയും പുലര്‍ച്ചെയും അസാധാരണമായ ഉഷ്ണമാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
ഈയാഴ്ച വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ജില്ലകളും രൂക്ഷമായ ജലക്ഷാമത്തിലേക്കു നീങ്ങുമെന്നു സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.ഡബ്ല്യു.ആര്‍.ഡി.എം) മുന്നറിയിപ്പു നല്‍കി. വടക്കന്‍ ജില്ലകളെയാണ് ജലക്ഷാമം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുക. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാകും വരള്‍ച്ച രൂക്ഷമാകുക. ഈ ജില്ലകളില്‍ ഭൂഗര്‍ഭജലം ഗണ്യമായി കുറഞ്ഞു. ജനുവരി മുതല്‍ ഇതുവരെ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തിട്ടില്ല. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നേരിയ മഴ ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ 38% മഴക്കുറവ് രേഖപ്പെടുത്തി. തുലാവര്‍ഷത്തില്‍ 15% കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്നപ്രദേശങ്ങളിലെ ഭൂഗര്‍ഭജലവിതാനം ഒരു മീറ്റര്‍ വരെ താഴ്ന്നു. നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍ എന്നിവയുടെ വിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജലവിതാനം താഴ്ത്തി.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഒന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉയര്‍ന്നത്. ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ച വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു
Post Your Comments