കൊച്ചി•ഹൃദയമിടിപ്പ് ദുര്ബലമാകുന്നവര്ക്ക് മിടിപ്പ് സാധാരണനിലയിലേക്ക് ആക്കാന്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിന് ഏറ്റവും നൂതനമായ ഹിസ് ബണ്ഡ്ള് പ്രക്രിയ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വിജയകരമായി നടത്തി. തൊടുപുഴ സ്വദേശി 71 കാരനിലാണ് ഹിസ് ബണ്ഡ്ള് പ്രക്രിയ വിജയകരമായി നടത്തിയത്. ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പ്രക്രിയ നടത്തിയത്.
കുറഞ്ഞ പള്‍സ് റേറ്റും ക്ഷീണവുമായാണ് രോഗി ആദ്യം ആശുപത്രിയില്‍ എത്തിയത്. ഡോ. പ്രവീണ്‍ ശ്രീകുമാറിന്റെ പരിശോധനയില്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതാണ് ഉത്തമം എന്ന് കണ്ടെത്തുകയായിരുന്നു. അതിന് ഏറ്റവും അനുയോജ്യമായ പ്രക്രിയ ഹിസ് ബണ്ഡ്ള് ആണെന്ന് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ രോഗിയെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ കേരളത്തിലെ ആദ്യ ഹിസ് ബണ്ഡ്ള് പേസ്മേക്കര്‍ ഇന്പ്ലാന്റേഷന് ആസ്റ്റര്‍ മെഡ്സിറ്റി വേദിയായി.
ഹൃദയത്തിലെ താഴത്തെ അറയുടെയും മുകളിലെ അറയുടെയും പേസിങ്ങാണ് നേരത്തെ പേസ്മേക്കറിലൂടെ ചെയ്തുപോന്നിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി കൂടുതല്‍ സ്വാഭാവിക ഹൃദയമിടിപ്പ് ലഭിക്കുന്നതിനായി ഹൃദയത്തിലെ അറകള്‍ക്ക് പകരം ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടറി പേസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് ഏറെ സങ്കീര്‍ണമായിരുന്നു എന്നതിന് പുറമേ ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത പേസ്മേക്കര്‍ വയറുകളും ആവശ്യമായിരുന്നു. ഈ വയര്‍ അല്ലെങ്കില്‍ പേസ്മേക്കര്‍ ലെഡ് 2019-ലാണ് ഇന്ത്യയില്‍ ലഭ്യമായത്. അങ്ങനെയാണ് ഹിസ് ബണ്ഡ്ള് പ്രക്രിയ യാഥാര്‍ഥ്യമായതെന്ന് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു.
പ്രക്രിയയ്ക്ക് ശേഷം രോഗി വേഗം സുഖം പ്രാപിക്കുകയും സാധാരണനില കൈവരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പേസ്മേക്കറിലാണെങ്കിലും ഹൃദയത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ഹിസ് ബണ്ഡ്ള് പ്രക്രിയ വളരെ ഫലപ്രദമാണെന്നും ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു.
Post Your Comments