കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റില്‍ തോക്ക് നിയമങ്ങള്‍ ശക്തമാകുന്നു. കര്‍ശന നിയമം കൊണ്ടുവരുന്നതിന് ക്യാബിനറ്റ് അനുമതി നല്കി. 50 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ അന്വേഷണം പ്രഖ്യാപിച്ചു.1.5 മില്യണ്‍ ആളുകള്‍ക്കാണ് ന്യൂന്സിലാന്റില്‍ തോക്ക് ലൈസന്‍സ് ഉള്ളത്.16-18 വയസുള്ളവര്‍ക്ക് നിലവില്‍ തോക്ക് ലൈസന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇവര്‍ക്ക് മിലിട്ടറി മോഡല്‍ ഓട്ടോമാറ്റിക് തോക്ക് സ്വന്തമാക്കാം. ലൈസന്‍സുള്ള പലരും തങ്ങളുടെ തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലയെന്നത് വലിയ അപകടമാണ്. ലൈസന്‍സ് നല്‍കുന്നവരുടെ ക്രിമിനല്‍, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പൊലീസ് പരിശോധിക്കേണ്ടതുണ്ട്.
ഒരിക്കല്‍ ലൈസന്‍സ് നേടിയാല്‍ എത്ര തോക്കുകള്‍ വാങ്ങിക്കൂട്ടുന്നതിനും അവര്‍ക്ക് യാതൊരു തടസവും ഇല്ല. ഇതിന് മുമ്പ് തോക്ക് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളെല്ലാം ഗണ്‍ ലോബിയുടെ ഇടപെടല്‍ മൂലം പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇനി അത്തരം ഇടപെടലുകള്‍ ഗൌനിക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ വെടിവെപ്പുണ്ടായതിന് പിന്നാലെ രാജ്യത്തെ തോക്ക് നിയമങ്ങള്‍ പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തോക്ക് ലൈസന്‍സിനുള്ള നിയമങ്ങളില്‍ കര്‍ശന നിയന്ത്രണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രതി ബ്രെന്റണ്‍ ടെറന്റ് ഉപയോഗിച്ച മിലിറ്ററി മോഡല്‍ തോക്കുകള്‍ ഉപയോഗിക്കുന്നത് നിലവിലെ നിയമപ്രകാരം നിയമവിരുദ്ധമല്ല. എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. അടുത്ത പത്ത് ദിവസത്തിനകം ഗണ്നിയമം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments