കോട്ടയം: വേനലിന്‍റെ തീവ്രത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കന്നുകാലികളുടെ പരിചരണവുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മുതല്‍ മൂന്ന് വരെ കന്നുകാലികളെ തൊഴുത്തിന് പുറത്ത് കെട്ടുന്നത് ഒഴിവാക്കണം. പുറത്തിറക്കിയാല്‍ തണല്‍മരങ്ങളുടെ ചുവട്ടില്‍ മാത്രം കെട്ടുക. കന്നുകാലികള്‍ക്ക് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ നല്‍കണം. പച്ചപ്പുല്ല് കൂടുതല്‍ നല്‍കി ഖരാഹാരം നിയന്ത്രിക്കണം. ജലാംശമുളള ഭക്ഷ്യ വസ്തുക്കള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഉപ്പും ധാതുലവണ മിശ്രിതവും തീറ്റയില്‍ ആവശ്യത്തിന് ചേര്‍ത്ത് നല്കണം.
കൂടിന്‍റെ മേല്‍ക്കൂര ടിന്‍ ഷീറ്റാണെങ്കില്‍ ഷീറ്റിനു പുറത്ത് ചൂട് നിയന്ത്രിക്കുന്നതിന് ഓല പോലുളള സാമഗ്രികള്‍ നിരത്തണം. തൊഴുത്തില്‍ ദിവസം ഒരു നേരം മിസ്റ്റ് സ്പ്രേ ചെയ്യുന്നതും ഫാനോ എയര്‍ കൂളറോ സ്ഥാപിക്കുന്നതും നന്നായിരിക്കും. ഫാന്‍ ഉപയോഗിക്കുകയാണെങ്കില്‍ തൊഴുത്തിന്‍റെ വശങ്ങളില്‍ നനഞ്ഞ ചാക്കുകള്‍ വിരിക്കണം. തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പു വരുത്തണം. കന്നുകാലികളെ ദിവസം രണ്ടു നേരം കുളിപ്പിക്കുകയും രണ്ടു മണിക്കൂര്‍ ഇടവിട്ട് നനയ്ക്കുകയും വേണം. കറവ കഴിഞ്ഞാല്‍ പാല്‍ ഉടന്‍തന്നെ പാല്‍ സംഘത്തിലോ സംഭരണ സ്ഥലത്തോ എത്തിക്കണം. പാല്‍ നിറച്ച പാത്രം വെയിലത്ത് വയ്ക്കരുത്.
Post Your Comments