കോഴിക്കോട്: എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ട് – എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ വച്ച് രാത്രിയോടെയാണ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്.
എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരവും അബ്ദുള്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചയ്ക്കെത്തിയത്. നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തുന്ന സിസി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കിയാണ് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തിയതെങ്കില്‍ നസറുദ്ദീന്‍ എളമരം അഞ്ചുപേര്‍ക്കൊപ്പമാണ് എത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയാണ് നസറുദ്ദീന്‍ എളമരവും മറ്റ് അഞ്ചുപേരും ടാമറിന്‍ഡ് റസ്റ്റോറന്റില്‍ എത്തിയത്. ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 8.15ന് ഇ ടി മുഹമ്മദ് ബഷീര്‍ ഹോട്ടലിലെത്തി 105–ാം നമ്പര്‍ മുറിയെടുത്തു. അല്‍പ്പസമയത്തിനുശേഷം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച തുടര്‍ന്നു.
പത്തു മിനുട്ടിനുശേഷം കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. ചര്‍ച്ചക്കുശേഷം ഒമ്ബതരയോടെയാണ് എല്ലാവരും ഹോട്ടല്‍ വിട്ടത്. നസറുദ്ദീന്‍ എളമരം മുമ്പ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഇരു മണ്ഡലങ്ങളിലും എസ്ഡിപിഐ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മുസ്ലിംലീഗിന് മറിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. എന്നാല്‍ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ ലീഗ് നേതൃത്വം നിഷേധിച്ചു.
ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നടത്തേണ്ട കാര്യം ലീഗിനില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ തീവ്രവാദ നിലപാട് വെച്ചുപുലര്‍ത്തുന്നവരാണെന്നും ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും ആയിരുന്നു ലീഗിന്റെ പ്രത്യക്ഷ നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തിയിരുന്നു.
Post Your Comments