ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ അംഗപരിമിതര്‍ക്ക് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ. കളക്‌ടറുടെ ചേംബറില്‍ നടന്ന അംഗപരിമിതരുടെ വോട്ടവകാശ വിനിയോഗ യോഗത്തിലാണ് കളക്‌ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബൂത്തുതലത്തില്‍ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ടുചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. അംഗപരിമിതര്‍ എത്തുന്ന പോളിങ് ബൂത്തുകള്‍ അംഗപരിമിത സൗഹൃദ ബൂത്തുകളാക്കി പ്രഖ്യാപിക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ നോഡല്‍ ഓഫീസറായി അംഗപരിമിത വോട്ടവകാശ വിനിയോഗ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഐസിഡിഎസ് ഓഫീസര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഓഫീസര്‍ എന്നിവരെയും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തും. പഞ്ചായത്തുകളില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അംഗങ്ങള്‍ എന്നിവരെ അംഗപരിമിതരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് ഉപയോഗപ്പെടുത്തും. പഞ്ചായത്തു തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിങ് ബൂത്തിലെത്തിക്കും. ഇവര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും.
ജില്ലയില്‍ 5,000 മുതല്‍ 10000 വരെ ഇത്തരത്തില്‍ അംഗപരിമിതരെ വാഹനങ്ങളിലെത്തിച്ച് വോട്ടു ചെയ്യിക്കാനാണ് പരിപാടി. അംഗപരിമിതരുടെ വീടുകള്‍, പ്രദേശങ്ങള്‍ എന്നിവ കണ്ടെത്താന്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരെ നിയോഗിക്കും. ഓരോ പഞ്ചായത്തിലും പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍, വാഹനങ്ങള്‍, പ്രഥമശുശ്രൂഷ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും. അംഗപരിമിതര്‍ എത്തുന്ന എല്ലാ ബൂത്തുകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.
Post Your Comments