കുവൈത്ത് സിറ്റി: വീട്ടമ്മമാർക്ക് ഡ്രൈവിംങ് ലൈസൻസ് ഇനി കർശന നിബന്ധനകളോടെ മാത്രം അനുവദിക്കാൻ നീക്കം. കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. കുടുംബവിസയിൽ ആയിരിക്കുക, ഭർത്താവിന് 600 ദീനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക, ഭർത്താവിന്റെ ജോലി ഉപദേശകർ, വിദഗ്ധർ, ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക തുടങ്ങിയവയാണ് പുതിയ നിബന്ധനകളിൽ വരുത്തിയിരിയ്ക്കുന്ന കാതലായ മാറ്റങ്ങൾ.
എന്നാൽ എൻജിനീയർമാരെ ഇളവ് നൽകുന്ന പ്രഫഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എൻജിനീയർമാരുടെ ഭാര്യമാർക്ക് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാവില്ല എന്നാണ് റിപ്പോർട്ടുകൾവ്യക്തമാക്കുന്നത്.. നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം നഴ്സുമാരെയും പള്ളികളിൽ ബാങ്ക് വിളിക്കുന്നവരെയും ഇളവുള്ള ജോലികളിൽനിന്ന് ഒഴിവാക്കിയിരുന്നു. നഴ്സുമാർക്ക് താമസസ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്ക് പോവാൻ ബസ് സൗകര്യമുള്ളതുകൊണ്ടും ബാങ്ക് വിളിക്കുന്നവർക്ക് അതാത് പള്ളിയോടനുബന്ധിച്ച് തന്നെ താമസസൗകര്യമുള്ളതുകൊണ്ടും ജോലി ആവശ്യാർഥം ഡ്രൈവിങ് ലൈസൻസ് ഇക്കൂട്ടർക്ക് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളവുകളിൽനിന്ന് പാടെ ഒഴിവാക്കിയത്.
Post Your Comments