കൊല്ലം: റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. റിമിയുടെ പാട്ടിന്റെ ലഹരിയില്‍ യുവാവ് സ്റ്റേജില്‍ കയറി നൃത്തം ആരംഭിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. കരുനാഗപ്പള്ളി തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ദിവസം രാത്രിയിലായിരുന്നു ഗാനമേള. പ്രശസ്ത പിന്നണി ഗായികയും അഭിനേത്രിയുമായ റിമി ടോമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെതായിരുന്നു ഗാനമേള.
യുവാവ് നൃത്തം ചെയ്യുന്നത് ഗാനം ആലപിച്ചുകൊണ്ടിരുന്നയാള്‍ വിലക്കി. എന്നാല്‍ അത് മറികടന്ന് യുവാവ് നൃത്തം തുടരുകയായിരുന്നു. ഇതോടെ ഗാനമേള നിര്‍ത്തിവച്ചു. ഈ സമയം ഉത്സവ കമ്മിറ്റി അംഗങ്ങള്‍ സ്റ്റേജിലേക്ക് കടന്നു വരികയും യുവാവിനെ സ്റ്റേജില്‍ നിന്നും പിടിച്ചിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് വീണ്ടും സ്റ്റേജിലേക്ക് ചാടി കയറുകയും കമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളും ഉണ്ടാക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറി കമ്മിറ്റി അംഗങ്ങളെ തല്ലുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി എസ്ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജില്‍ കയറി നൃത്തം വച്ച യുവാവിനെയും സംഘത്തെയും തല്ലുകയായിരുന്നു. ഇതോടെ ഗാനമേള കാണാനെത്തിയവര്‍ ചിതറി ഓടി. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം ഉണ്ടാക്കിയവരെ മുഴുവന്‍ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷമാണ് പൊലീസ് പിന്‍ വാങ്ങിയത്.. അക്രമത്തില്‍ വാദ്യോപകരണങ്ങള്‍ക്ക് കേടുപാടു സംഭവിച്ചു.
Post Your Comments