തിരുവനന്തപുരം നഗരത്തിലെ അടിസ്ഥാനസൗകര്യവികസനത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് സ്മാർട്ട് സിറ്റി പദ്ധതിയെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ മികച്ചതും മാതൃകാപരവുമാക്കാൻ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഉദ്ഘാടനം മാസ്കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വികസനപ്രവർത്തനങ്ങൾ നാടിന്റെ വളർച്ചയ്ക്കുള്ളതാണെന്നു കരുതി എല്ലാവരുടേയും സഹകരണം ഉണ്ടാവണം. പദ്ധതി തുടങ്ങുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് കോർപ്പറേഷന്റേതെന്നും മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളുടേയും സഹകരണം അനിവാര്യമാണ്. സാങ്കേതികമായ പ്രശ്നങ്ങൾക്ക് സ്വാഭാവികമായ പരിഹാരം കണ്ടെത്താനാകണമെന്നും മന്ത്രി പറഞ്ഞു.
വൻകിട പദ്ധതികൾ നടപ്പാക്കുന്നതിൽ നഗരസഭ മാതൃകാപരമായി മുന്നേറുകയാണെന്ന് അധ്യക്ഷത വഹിച്ച മേയർ അഡ്വ.വി.കെ.പ്രശാന്ത് പറഞ്ഞു. പരമാവധി വേഗത്തിൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും മേയർ പറഞ്ഞു. പാളയം, തൈക്കാട്, വഞ്ചിയൂർ, വഴുതക്കാട്, ചാല, ഫോർട്ട്, ശ്രീകണ്ഠേശ്വരം, തമ്പാനൂർ, വലിയശാല എന്നീ ഒൻപത് വാർഡുകളിലായി 1403 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്ത് 1538.19 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
Post Your Comments