KeralaLatest NewsIndia

ഇളയ മകളുടെ പിറന്നാൾ ദിനം മൂന്നുപേരുടെ അന്ത്യയാത്രയായത് 19 കാരൻ ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ച് , ഒറ്റക്കായി ആതിര

ഇടിയേറ്റ് മൂവരും 26 മീറ്ററോളം തെറിച്ച്‌ മറ്റൊരു പുരയിടത്തിനുസമീപം വീഴുകയായിരുന്നു.

ഏറ്റുമാനൂര്‍: 16 കാരിയായ നൈനുവിന്റെ പിറന്നാൾ ദിനത്തിൽ കുറച്ചു സമ്മാനങ്ങൾ വാങ്ങാനും ഏറ്റുമാനൂർ അമ്പലത്തിൽ പോകാനുമാണ് ലെജിയും മക്കളും ഇറങ്ങിയത്. എന്നാൽ അത് അവർക്ക് അന്ത്യയാത്ര ആകുമെന്ന് ആരും കരുതിയില്ല. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരവീട്ടില്‍ ബിജുവിന്റെ ഭാര്യ ലെജി(45), മക്കളായ അന്നു(19), നൈനു(16) എന്നിവരെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചാണ് ഇവർ കൊല്ലപ്പെട്ടത്. ഇടിയേറ്റ് മൂവരും 26 മീറ്ററോളം തെറിച്ച്‌ മറ്റൊരു പുരയിടത്തിനുസമീപം വീഴുകയായിരുന്നു.

വീട്ടില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തിനിടയാക്കിയ കാര്‍ തേക്കുമരത്തിലിടിച്ചുനിന്നു. അന്നുവും നൈനുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. അന്നുവിന്റെ കാല്‍ അറ്റുപോയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ലെജി രാത്രി എട്ടോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ചാണ് മരിച്ചത്.കാറോടിച്ചിരുന്ന പേരൂര്‍ മുല്ലൂര്‍ ഷോണ്‍ മാത്യു(19)വിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ഒട്ടേറെ വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.

ഒടുവില്‍ ഗുഡ്‌സ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. അന്നു വൈക്കം കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ബി.കോം. വിദ്യാര്‍ത്ഥിനിയാണ്. വൈക്കത്തുള്ള അമ്മവീട്ടില്‍ നിന്നുപഠിക്കുന്ന അന്നു അവധിയായതിനാല്‍ പേരൂരിലെ വീട്ടിലെത്തിയതാണ്. നൈനു കാണക്കാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍ ബിജു കൂലിപ്പണിക്കാരനാണ്. മൂത്ത സഹോദരി ആതിര എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. ഒറ്റക്കായി ദുഃഖം അടക്കാനാവാതെ ആതിര നെഞ്ചു പൊട്ടി കരയുകയാണ്.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൂവരുടെയും സംസ്‌കാരം ഇന്നു മൂന്നിന് തെള്ളകം പൊതുശ്മശാനത്തില്‍.

shortlink

Post Your Comments


Back to top button