Latest NewsKerala

കാറോടിക്കാന്‍ അറിയില്ല, പക്ഷേ, കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസ്; സംഭവം ഇങ്ങനെ

തൃശൂര്‍: കാറോടിക്കാന്‍ അറിയില്ല, പക്ഷെ കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസും. സംഭവം തൃശൂരിലാണ്. കാറോടിക്കാനറിയാത്ത ഒല്ലൂര്‍ സ്വദേശി റപ്പായി ഒരാളെ കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസാണ് 2016 ല്‍ ഒല്ലൂര്‍ എസ് ഐ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഒല്ലൂര്‍ സ്‌റ്റേഷനിലെ മുന്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് റപ്പായി പോലീസ് സ്‌റ്റേഷന്റെ മുന്‍പില്‍ ഉപവാസം ആരംഭിച്ചു. കള്ളക്കേസ് ചുമത്തി നിരപരാധിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റ ഉത്തരവ്് ഉള്ളപ്പോഴാണ് റപ്പായിക്ക് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട റപ്പായി 15 ദിവസത്തോളം ജയിലില്‍ക്കിടന്നു. പിന്നീട് പരാതിയുമായി കേരള നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപിയുടെ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യാഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി.

തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ റപ്പായിക്ക് നേരിടേണ്ടി വന്ന മാന നഷ്ടത്തിന് സമാശ്വാസം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കഴിഞ്ഞ മേയില്‍ ഉത്തരവിട്ടു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ ഉപവാസം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റപ്പായി. തന്നെ പ്രതിയാക്കിയ എസ് ഐ ഇപ്പോഴും സര്‍വീസിലുണ്ടെന്നും റപ്പായി വിശദമാക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കമ്മീഷണറെയും ഡിജിപിയെയും വീണ്ടും സമീപിക്കാനാണ് റപ്പായിയുടെ തീരുമാനം.

shortlink

Post Your Comments


Back to top button